കണ്ണൂരിലെ അംഗീകാരമില്ലാത്ത സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടി
text_fieldsശോച്യാവസ്ഥയിൽ പ്രവർത്തിച്ചതിനെ തുടർന്ന് ജില്ല സമൂഹിക നീതി വകുപ്പ് അടച്ചുപൂട്ടിയ മൈത്രി സദനം
കണ്ണൂർ: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെ ശോച്യാവസ്ഥയിൽ കണ്ണൂർ സൗത്ത് ബസാറിലെ മട്ടമ്മൽ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന സ്വകാര്യ വൃദ്ധസദനം ജില്ല സമൂഹിക നീതി വകുപ്പ് അടച്ചുപൂട്ടി. പരിശോധനയെ തുടർന്നാണ് മൈത്രി സദനം എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. ഒമ്പത് അന്തേവാസികളെ അനുയോജ്യമായ മറ്റ് ക്ഷേമ സ്ഥാപനങ്ങളിലേക്ക് മാറ്റി. നാലുപേരെ കണ്ണൂർ ഗവ. വൃദ്ധ സദനത്തിലേക്കും മൂന്നുപേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റിവിലേക്കും രണ്ടു പേരെ തോട്ടട അഭയനികേതനിലേക്കുമാണ് മാറ്റിയത്.
2017 വരെ മാത്രമാണ് സ്ഥാപനത്തിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. അതിനു ശേഷം അംഗീകാരം പുതുക്കാതെയാണ് വൃദ്ധസദനം പ്രവർത്തിച്ചുവന്നത്. ചോർന്നൊലിക്കുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മാനദണ്ഡപ്രകാരമുള്ള ബിൽഡിങ് ഫിറ്റ്നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല. ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2024ൽ സ്ഥാപനം പൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതു വക വെക്കാതെ തുടർന്നും പ്രവർത്തിരുരികയായിരുന്നു.
അന്തേവാസികളിൽനിന്നും തുക ഇടക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങളൊന്നും നൽകിയിരുന്നില്ല. വൃത്തിഹീനമായ രീതിയിലാണ് പരിസരവും അടുക്കളയുമുള്ളത്. പാചക തൊഴിലാളിക്ക് മെഡിക്കൽ ഓഫിസർ പരിശോധിച്ചു നൽകിയ സാക്ഷ്യപത്രമില്ല. രോഗികളായ താമസക്കാർക്ക് ബന്ധുക്കൾ തന്നെ ശുശ്രൂഷ നൽകേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇത്തരത്തിൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകളുള്ളതിനാലാണ് അടച്ചു പൂട്ടൽ നടപടിയിലേക്ക് സാമൂഹികനീതി വകുപ്പ് കടന്നത്.
ജില്ല സാമൂഹിക നീതി ഓഫിസർ പി. ബിജുവിന്റെ നേതൃത്വത്തിൽ സീനിയർ സൂപ്രണ്ട് പി.കെ. നാസർ, ഒ.സി.ബി കൗൺസിലർ ഷാജി യു. റഹ്മാൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആർ. ഫിയാസ്, ഓർഫനേജ് കൗൺസിലർ മേരി ഹിമ, ജെ.പി.എച്ച് എൻ. ലൗലി, ജിനീഷ്, ടി.എൽ.എസ്.സി വളന്റിയർമാരായ കെ. സീമ, സ്വപ്ന രവീന്ദ്രൻ, സജ്ന ജമീമ, റോസ്ന രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘം മൈത്രി സദനത്തിന്റെ മാനേജർ രമേശന്റെ സാന്നിധ്യത്തിലാണ് സ്ഥാപനം അടച്ചു പൂട്ടി അന്തേവാസികളെ ഒഴിപ്പിച്ചത്.
അന്തേവാസികളെ ഒഴിപ്പിക്കുന്നതിന് കണ്ണൂർ ജില്ല ആശുപത്രിയിലെ ആംബുലൻസ് സേവനവും സർക്കാർ വൃദ്ധസദനത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെയോ അനധികൃതമായോ താമസക്കാരുടെ ക്ഷേമം നോക്കാതെ പ്രവർത്തിക്കുന്ന എല്ലാ ക്ഷേമ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുരികയാണെന്നും സാമൂഹിക നീതി വകുപ്പിൽ നിന്നും ലഭ്യമാകുന്ന നിർദേശങ്ങൾക്ക് വിധേയമായി അത്തരം സ്ഥാപനങ്ങൾക്ക് എതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ല സാമൂഹിക നീതി ഓഫിസർ പി. ബിജു അറിയിച്ചു.