പ്രാർഥന വിഫലം; വിഷപ്പാമ്പ് ജീവൻ കവർന്ന ഹയാ ഹംദക്ക് യാത്രാമൊഴി
text_fieldsവിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച ശിവപുരം വെമ്പടിയിൽ കാടുകയറിയ നിലയിൽ
ഉരുവച്ചാൽ: വിഷപ്പാമ്പ് ജീവൻ കവർന്ന ഏഴു വയസ്സുകാരി ഹയാ ഹംദയുടെ വേർപാട് നാടിെൻറ അടങ്ങാത്ത വിതുമ്പലായി. ഞായറാഴ്ച വൈകുന്നേരമാണ് ശിവപുരം വെമ്പടിയിലെ സഫീറാസിൽ ആസിഫിെൻറയും സഫീറയുടെയും മകൾ ഹയാ ഹംദക്ക് (ഏഴ്) വീട്ടുപറമ്പിൽവെച്ച് പാമ്പിെൻറ കടിയേറ്റത്. വീട്ടുമുറ്റത്ത് വീട്ടിലെ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വീടിെൻറ പിറകുവശത്തെ പറമ്പിലേക്ക് പോയ ഉമ്മാമ റംലയുടെ പിറകെ പോയതായിരുന്നു.
പാമ്പ് മുന്നിലൂടെ നീങ്ങിയത് റംല കണ്ടയുടനെ ഹംദക്ക് കടിയേൽക്കുകയും ചെയ്തു. വീട്ടുകാർ ഹംദയെ പരിശോധിച്ചപ്പോഴാണ് കാലിന് കടിയേറ്റ പാട് കണ്ടത്. ഉടനെ മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സ നടത്തിയെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ അർധരാത്രി 12ഓടെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ച മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നാട് കണ്ണീരിൽ കുതിർന്നു. അഞ്ചു മണിയോടെ ശിവപുരം ജുമാമസ്ജിദിൽ ഖബറടക്കി. മെരുവമ്പായി യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഹയാ ഹംദ.