തെയ്യത്തെ നെഞ്ചിലേറ്റിയ രഘുവിന് തെയ്യം കലാകാരന്മാരുടെ കാരുണ്യസ്പർശം
text_fieldsഉരുവച്ചാൽ: അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലൂർ എരട്ടേങ്ങലിലെ കണ്ണോത്തുംകണ്ടി വീട്ടിൽ കെ.കെ. രഘുനാഥിന് ഇനി തെയ്യം കാണാൻ പുതിയ മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിക്കാം. രഘു ഇതുവരെ ഉപയോഗിച്ചിരുന്ന സ്കൂട്ടർ ഗതാഗതത്തിനു പറ്റാതെ തകരാറിലായതിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ തെയ്യക്കാഴ്ചകൾ എന്ന വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ പണം സ്വരൂപിച്ചാണ് പുതിയ സ്കൂട്ടർ വാങ്ങിക്കൊടുത്തത്.
കെ.കെ. രഘുനാഥ് തെയ്യംകലാകാരനല്ലെങ്കിലും സുഹൃത്തുക്കളും പരിചയക്കാരും രഘുവിനെ വിളിക്കുക തെയ്യം കലണ്ടർ എന്നാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തെയ്യങ്ങളെക്കുറിച്ചും അവ നടക്കുന്ന സ്ഥലവും തീയതിയും സംബന്ധിച്ച് രഘുവിന് മനഃപാഠമാണ്. തെയ്യങ്ങളുടെ ഇതിവൃത്തം, പുരാണം, ചരിത്രം എന്നിവയെല്ലാം വീട്ടിലെ ചക്രക്കസേരയിലിരുന്ന് ആവശ്യക്കാർക്ക് നേരിട്ടും ഫോൺ വഴിയും പറഞ്ഞുകൊടുക്കും. തെൻറ പഴയ മുച്ചക്ര സ്കൂട്ടറിൽ സമീപ പ്രദേശങ്ങളിൽ നടക്കുന്ന കളിയാട്ടങ്ങളെല്ലാം ഭാര്യ കതിരൂർ അഞ്ചാംമൈൽ സ്വദേശിനി പി. ശോഭയെയും കൂട്ടി കാണാൻ പോവുക രഘുവിെൻറ ശീലമാണ്. സ്കൂട്ടർ തകരാറിലായതിൽപിന്നെ യാത്രകളെല്ലാം നിലച്ചു. അപ്പോഴാണ് പുതിയ മുച്ചക്ര സ്കൂട്ടർ ലഭിക്കുന്നത്. അത്രമാത്രം തെയ്യത്തോട് ആവേശവും സ്നേഹവും ഭ്രമവും ഉള്ള വ്യക്തിയാണ് പരേതരായ നരിക്കോടൻ കൃഷ്ണെൻറയും നമ്പ്റോൻ നാരായണിയുടെയും മകനായ രഘു.
1992 ഡിസംബർ 29ന് വീട്ടാവശ്യത്തിന്, വീട്ടുമുറ്റത്തുള്ള തെങ്ങിൽനിന്ന് തേങ്ങ പറിക്കാൻ കയറിയ രഘു വീണതിനെ തുടർന്ന് മൂന്നു മാസക്കാലം മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. സുഷുമ്ന നാഡി പൊട്ടിയതിനാൽ അരക്കുതാഴെ തളർന്നിരിക്കയാണ്. അന്നത്തെ വീഴ്ച രഘുവിെൻറ ജീവിതം ചക്രക്കസേരയിലാക്കി.
തെയ്യം കലക്കും കലാകാരന്മാർക്കും വൈകല്യങ്ങളെ തോൽപിച്ച് വലിയൊരു ലോകം സൃഷ്ടിക്കുകയാണ് രഘു. വീൽചെയറിലിരുന്ന് തെയ്യം കലാകാരന്മാർക്ക് കാരുണ്യത്തിെൻറ സാന്ത്വനസ്പർശമേകുന്നു. 1500ലധികം അംഗങ്ങളുള്ള തെയ്യക്കാഴ്ചകൾ ഗ്രൂപ്പിനുവേണ്ടി ആർ.ജെ. മനോജ്, പ്രേമൻ അയ്യല്ലൂർ എന്നിവർ മാലൂർ എരട്ടേങ്ങലിലെ കണ്ണോത്തുംകണ്ടി വീട്ടിലെത്തി മുച്ചക്ര സ്കൂട്ടറും രേഖകളും രഘുനാഥിന് നൽകി. രഘുനാഥിെൻറ ജ്യേഷ്ഠൻ റിട്ട. ഫോറസ്റ്റർ കെ.കെ. കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള ബന്ധുക്കളും ചടങ്ങിന് സാക്ഷികളായി.