വളപട്ടണം സർവിസ് സഹകരണ ബാങ്ക്; ഭരണസമിതിക്ക് വീഴ്ചയെന്ന് യു.ഡി.എഫ് വിലയിരുത്തൽ
text_fieldsകണ്ണൂർ: വളപട്ടണം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണസമിതിയുടെ വീഴ്ചയെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ചില വായ്പകൾ അനുവദിക്കുന്നതിൽ ഭരണസമിതിക്കുണ്ടായ പോരായ്മയാണ് സ്ഥിതി വഷളാക്കിയത്. ജപ്തി ചെയ്താൽ പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത വസ്തു ജാമ്യത്തിൽ വായ്പ അനുവദിച്ചു.
തിരിച്ചടവ് വൈകിയതോടെ ഇത്തരം വായ്പയിൽ ബാങ്കിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുണ്ടായതെന്നും യു.ഡി.എഫ് ജില്ല നേതൃത്വം വിലയിരുത്തുന്നു. ഒട്ടേറെ പേർ വലിയ തുക ഒറ്റയടിക്ക് പിൻവലിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഭരണസമിതി നേതൃത്വത്തെ അറിയിച്ചത്.
വിഷയം എങ്ങനെ പരിഹരിക്കുമെന്നത് യു.ഡി.എഫ് നേതൃത്വത്തെയും കുഴക്കുകയാണ്. അടിയന്തര വായ്പ തേടി യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകളെയും ഭരണസമിതി സമീപിച്ചിട്ടുണ്ട്. അതിനിടെ, ഭരണസമിതി രാജിവെക്കുമെന്ന പ്രചാരണവും ശക്തമാണ്. എന്നാൽ, അത്തരമൊരു നീക്കമില്ലെന്ന് ഭരണസമിതി പ്രസിഡന്റ് ബി.ടി. മൻസൂർ പ്രതികരിച്ചു.
നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ വീടുകൾ കയറിയിറങ്ങുകയാണ് ബാങ്ക് ജീവനക്കാർ. തിരിച്ചടവ് കാലാവധി കഴിഞ്ഞ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഇവർ നേരിട്ട് കാണുന്നത്. തിരിച്ചടവ് വൈകിയ ഇനത്തിൽ 10 കോടിയിലധികം രൂപയെങ്കിലും ബാങ്കിന് ലഭിക്കാനുണ്ട്.
ഈ തുക കിട്ടിയാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ഭരണസമിതി കണക്കുകൂട്ടൽ. കേരള ബാങ്ക് പാസാക്കിയ അഞ്ച് കോടി ലഭിക്കാൻ ഇനിയും വൈകുമെന്ന തിരിച്ചറിവിലാണ് കിട്ടാക്കടം തിരികെ പിടിക്കാൻ ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.
ആറ് ബ്രാഞ്ചുകളിലായി 26 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 40ഓളം പേരാണ് വളപട്ടണം സർവിസ് സഹകരണ ബാങ്കിലുള്ളത്. സാമ്പത്തിക പ്രതിസന്ധി ഇവരുടെ ശമ്പള വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതായി കാണിക്കുമെങ്കിലും പിൻവലിക്കാൻ കഴിയുന്നില്ല. നിലവിലെ ഭരണസമിതി നിലപാടിൽ ഒരു വിഭാഗം ജീവനക്കാരും അതൃപ്തിയിലാണ്. നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കുന്നതിന് വളപട്ടണം പൊലീസ് ഇൻസ്പെക്ടർ നടത്തിയ ചർച്ചയിൽ ഭരണസമിതിയിൽനിന്ന് ആരും പങ്കെടുത്തിരുന്നില്ല.
നിക്ഷേപകരുമായി ചർച്ച നടത്താനും ഭരണസമിതിക്കാർ ബാങ്കിൽ എത്തുന്നില്ല. ഇത്തരം കാര്യങ്ങളിലാണ് ജീവനക്കാരുടെ അതൃപ്തി. അതിനിടെ, നിക്ഷേപകരോട് ബുധനാഴ്ച ബാങ്കിലെത്താൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.