അയൽക്കള്ളൻ ലോക്ക് ആയ കഥ
text_fieldsകണ്ണൂർ: തമിഴ്നാട് മധുര വിരുത് നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബർ 19ന് രാവിലെ വീടുപൂട്ടി പോയതായിരുന്നു വളപട്ടണത്തെ അരിവ്യാപാരി അഷ്റഫും കുടുംബവും. 24ന് രാത്രി 9.15ഓടെ തിരിച്ചെത്തി. മുൻവാതിൽ തുറന്ന് വീട്ടിൽ കയറിയപ്പോൾ കിടപ്പുമുറിയിലെ ലോക്കറും മുറികളുടെ വാതിലും പിൻഭാഗത്തെ ജനലും കുത്തിപ്പൊളിച്ച നിലയിൽ. 300 പവൻ സ്വർണവും ഒരുകോടി രൂപയും നഷ്ടമായതായി പരാതി.
അയൽപക്കത്തെ കള്ളൻ
അഷ്റഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ച അയൽവാസിയും വെൽഡിങ് തൊഴിലാളിയുമായ പ്രതി ലിജീഷ് 20ന് രാത്രി വീടിന്റെ പിറകുവശത്തെ ജനൽകമ്പി അഴിച്ചുമാറ്റി അകത്തുകയറി. 40 മിനിറ്റിനകം പണവും സ്വർണവുമായി പുറത്തേക്ക്. ആദ്യദിനം മോഷണം നടത്തിയ പ്രതി തന്റെ കൈയിൽനിന്ന് നഷ്ടമായ പണിയായുധം എടുക്കാൻ പിറ്റേദിവസം വീണ്ടും അഷ്റഫിന്റെ വീട്ടിലെത്തി.
ആദ്യദിവസം സി.സി.ടി.വി കാമറകൾ സ്ഥാനംമാറ്റി തിരിച്ചുവെച്ച പ്രതി രണ്ടാം ദിവസം കിടപ്പുമുറിയിൽ കയറിയപ്പോൾ ഈ കാമറയിൽതന്നെ കുടുങ്ങി.
സഹായമായത് ‘വെൽഡിങ് സ്കിൽ’
വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും 1.21 കോടി രൂപയും കീച്ചേരിയിൽ പ്രവാസിയുടെ വീട്ടിൽനിന്ന് 11 പവനും വിദഗ്ധമായി കവരാൻ ലിജീഷിനെ സഹായിച്ചത് ‘വെൽഡിങ് സ്കിൽ’. നാട്ടിലും വിദേശത്തുമായി വെൽഡിങ് ജോലിചെയ്തിരുന്ന ഇയാൾ അതിവിദഗ്ധമായാണ് ജനൽകമ്പികളും അത്യാധുനിക ലോക്കറുകളും തകർത്തത്. 2023ല്‍ കീച്ചേരിയില്‍ പ്രതി നടത്തിയ സമാനമായ കവര്‍ച്ച ഇപ്പോഴാണ് തെളിഞ്ഞത്. ആ വീട്ടിലെ വെല്‍ഡിങ് നിർമാണം നടത്തിയ പ്രതി മേൽക്കൂരയിൽ ഇയാൾതന്നെ ഇട്ട ഷീറ്റ് ഇളക്കിമാറ്റിയാണ് അകത്ത് കയറിയത്.
ചിലന്തിവലയിൽ കുടുങ്ങി
മോഷണം പുറത്തറിഞ്ഞ ദിവസം അയൽവാസിയായ ലിജീഷിന്റെ വീട്ടിൽ പൊലീസ് പോയിരുന്നു. സംശയാസ്പദമായി ആരെയെങ്കിലും കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്തിരുന്നോയെന്ന് അന്വേഷിച്ചു. ഇല്ലെന്നായിരുന്നു മറുപടി. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും പറ്റിപ്പിടിച്ച ചിലന്തിവല പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലയുണ്ടായിരുന്നു. ഇതേപറ്റി അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ലിജീഷിനായില്ല. വീട്ടിനുള്ളിൽ തൊണ്ടിമുതൽ സൂക്ഷിച്ച കട്ടിലിനടിയിലും സമാനമായ ചിലന്തിവല ഉണ്ടായിരുന്നു.
തിരിച്ചുവെച്ച കാമറ ചതിച്ചു
ദൃശ്യങ്ങൾ പതിയാതിരിക്കാനാണ് ലിജീഷ് സി.സി.ടി.വി കാമറ തിരിച്ചുവെച്ചത്. തെളിവ് നശിപ്പിക്കലായിരുന്നു ലക്ഷ്യം. എന്നാൽ, സ്വയം തിരിച്ചുവെച്ച കാമറയിലെ ദൃശ്യങ്ങൾ വിനയായി. സ്ഥാനംമാറിയ കാമറ ഒപ്പിയെടുത്തത് കിടപ്പുമുറിയിലെ ദൃശ്യങ്ങൾ. ലിജീഷ് വരുന്നതും പോകുന്നതും കൃത്യമായി പതിഞ്ഞു. അങ്ങനെയാണ് കഷണ്ടിയുള്ള ആളാണ് മോഷ്ടാവെന്ന് പൊലീസ് ഉറപ്പിച്ചത്.
കള്ളനെ പിടിച്ചോ സാറേ?
അന്വേഷണം എന്തായെന്നും കള്ളനെ പിടിച്ചോയെന്നും പൊലീസുകാരോടും നാട്ടുകാരോടും ലിജീഷ് ഇടക്കിടെ ചോദിച്ചിരുന്നു. കവർച്ച നടന്ന വീടിന് കാവൽ നിന്ന പൊലീസുകാരോടും കള്ളന്റെ വിവരങ്ങൾ തേടി യഥാർഥ കള്ളനെത്തി. സംശയം തോന്നാതിരിക്കാൻ, നാട്ടുകാരോടും സുഹൃത്തുക്കളോടും കേസിന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടേയിരുന്നു. അധികം സൗഹൃദങ്ങളൊന്നുമില്ലാത്ത പ്രതി പൊലീസ് അന്വേഷണം നടക്കുമ്പോഴെല്ലാം വീട്ടിലുണ്ടായിരുന്നു.
ഫോൺ വാങ്ങാനെത്തി പിടിയിലായി
മോഷ്ടാവ് ലിജീഷാണെന്ന സംശയമുയർന്നതോടെ ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ലിജീഷിനെ വിളിച്ചുവരുത്തി അന്വേഷണസംഘം വിരലടയാളം ഒത്തുനോക്കി. ഫോൺ വാങ്ങിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. തെളിവുകൾ സഹിതമുള്ള ചോദ്യംചെയ്യലിൽ നിൽക്കകള്ളിയില്ലാതെ മോഷണം സമ്മതിച്ചു.
തൊണ്ടിമുതലും അയൽക്കാരനും
മോഷണം പോയ സ്വർണവും പണവും പൂർണമായി അയൽക്കാരനായ കള്ളന്റെ വീട്ടിൽനിന്ന് വീണ്ടെടുക്കാൻ പൊലീസിനായി. 267 പവൻ സ്വര്‍ണവും 1.21 കോടി രൂപയുമാണ് പ്രതിയുടെ കിടപ്പുമുറിയിൽ കട്ടിലിന്റെ അടിയിൽ പ്രത്യേകം പണിത അറയിൽനിന്ന് കണ്ടെടുത്തത്.