ആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന; ഏജന്റുമാരിൽനിന്ന് പണം പിടിച്ചെടുത്തു
text_fieldsകണ്ണൂർ: ആർ.ടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പണം പിടിച്ചെടുത്തു. വിജിലൻസ് കോഴിക്കോട് സ്പെഷൽ സെൽ എസ്.പി ടി. അബ്ദുൽ റസാഖിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി ഗുണഷ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ടു മുതലാണ് പരിശോധന. പരിശോധനയിൽ ആറ് ഏജന്റുമാരിൽനിന്ന് ഉദ്യോഗസ്ഥർക്ക് നൽകാനായി സൂക്ഷിച്ച കണക്കിൽപ്പെടാത്ത 67,500 രൂപ വിജിലൻസ് പിടികൂടി.
ചില ഏജന്റുമാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പണം ഗൂഗിൾ പേ വഴി അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും ശബ്ദ സന്ദേശങ്ങളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ ആർ.ടി ഓഫിസിന് പുറത്ത് തമ്പടിക്കുന്ന ഏജന്റുമാർ സമീപിച്ച് പണംവാങ്ങി സേവനങ്ങൾ നടത്തി കൊടുക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും കണ്ടെത്തി. ഓഫിസ് സമയം കഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർ ഏജന്റുമാരുമായി സംസാരിക്കുന്നതും പണം വാങ്ങുന്നതും വ്യക്തമായിട്ടുണ്ട്.
ചില ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. നേരിട്ടുള്ള അപേക്ഷകൾ പരിഗണിക്കാതെ വച്ച് താമസിപ്പിക്കുന്നതായും മറ്റുമുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ ആർ.ടി ഓഫിസിലെ ഒരു ജീവനക്കാരനെ വഴിയിൽ കാർ തടഞ്ഞ് കൈക്കൂലി പണവുമായി വിജിലൻസ് സംഘം പിടികൂടിയിരുന്നു. നടപടിക്കായി റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് വീണ്ടും വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധനക്കെത്തിയത്.


