കൊളച്ചേരിയിൽ വീണ്ടും കുറുനരി ആക്രമണം; ഒമ്പത് വയസ്സുകാരിയടക്കം ആറുപേര്‍ക്ക് കടിയേറ്റു
text_fieldsകണ്ണൂർ: കൊളച്ചേരി മേഖലയിൽ വീണ്ടും ഭീതി പരത്തി കുറുനരി ആക്രമണം. രണ്ട് ദിവസത്തിനിടെ ഒമ്പത് വയസ്സുകാരി അടക്കം ആറുപേര്‍ക്ക് കടിയേറ്റു. പള്ളിപ്പറമ്പ്, പെരുമാച്ചേരി പ്രദേശങ്ങളിലാണ് കുറുനരി ആക്രമണം ഉണ്ടായത്. പള്ളിപ്പറമ്പ് എ.പി സ്റ്റോറിന് സമീപം മൻസൂറിന്റെ മകൾ ഫാത്തിമ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ കുറുനരി പാഞ്ഞടുക്കുകയായിരുന്നു.
കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പള്ളിപ്പറമ്പ് എ.പി സ്റ്റോറിലെ കെ.പി. അബ്ദുറഹ്മാനെ രാവിലെ ആറിന് കട തുറക്കാനെത്തിയപ്പോഴാണ് കടിച്ചത്. ഉറുമ്പിയിലെ സി.പി. ഹാദിക്കും കടിയേറ്റു. ആക്രമണകാരിയായ കുറുനരിയെ പിന്നീട് പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തി.
പള്ളിപ്പറമ്പിലെ ആക്രമണത്തിന് പിന്നാലെയാണ് കുറുനരി പെരുമാച്ചേരിയിലെത്തിയത്. ഇവിടെ മൂന്നു പേര്‍ക്ക് കടിയേറ്റു. പെരുമാച്ചേരിയിലെ പവിജ, കാവുംചാലിലെ ദേവനന്ദ, ശ്രീദര്‍ശ് എന്നിവര്‍ക്കാണ് കടിയേറ്റത്. കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെയും കുറുനരിയുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. സംഭവത്തില്‍ പ്രദേശം ഒന്നാകെ ഭീതിയിലാണ്.


