അറുതിയില്ലേ, ഈ കണ്ണീരിന്.....
text_fieldsആറളം ഫാമിൽ പ്രതിഷേധക്കാരുമായി സംസാരിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ
ആറളം: ആറളം പുനരധിവാസ മേഖലയില്‍ കാടിന്റെ മക്കളുടെ ഈ കണ്ണീരിന് അറുതിയില്ലേ. പത്ത് വര്‍ഷത്തിനിടെ 14 ജീവനുകളാണ് കാട്ടാനയാക്രമണത്തില്‍ ഇവിടെ പൊലിഞ്ഞത്. ഓരോ മരണവും സൃഷ്ടിക്കുന്ന പ്രതിഷേധങ്ങൾ എല്ലാം ദിവസങ്ങൾക്കകം എല്ലാവരും മറക്കും. പദ്ധതികളും വാഗ്ദാനങ്ങളും ഏറെയുണ്ടെങ്കിലും ദുരിതങ്ങളുടെ ഉൾവനത്തിലാണ് ഇവരുടെ ജീവിതം.
വന്യ മൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാതെയായിരുന്നു പനരധിവാസം പൂര്‍ത്തിയാക്കിയത്. കാട്ടാനകൾ നിരവധിജീവനുകൾ ചവിട്ടിയരക്കുമ്പോഴും പ്രതിഷേധം ഫാമിനുള്ളില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയായിരുന്നു. കാട്ടാനയക്രമണം ഉണ്ടാവുമ്പോള്‍ വനപാലകര്‍ യഥാസമയം എത്തുന്നില്ലെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.
മരണം മുന്നിൽകണ്ട് ഇവർ
ആറളത്തെ പുനരധിവാസ കുടുംബങ്ങളിലുള്ളവർ ഇന്ന് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ഏത് നിമിഷവും തങ്ങൾ ഒരു കാട്ടാനയുടെ കാൽകീഴിൽ ചവിട്ടിമെതിക്കപ്പെട്ടേക്കാമെന്ന ഭീതിയാണ്. നിരവധി കുട്ടികൾ സ്കൂളിൽ പോകാറില്ല. വീടിനുള്ളിൽ അടച്ചിരിപ്പാണ് പ്രായമായവർ. ആദിവാസി മേഖല ആയതിനാൽ തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പരിഭവിക്കുന്നു. പലരും ജീവൻ ഭയന്ന് ഫാമിൽ നിന്നും പാലായനം ചെയ്ത് തുടങ്ങി.
ആനപ്പേടിയിൽ ഭൂമി ഏറ്റെടുക്കാതെ
ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി നാല് ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള മൂവായിരത്തി അഞ്ഞുറോളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതം നൽകിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് രണ്ടായിരത്തോളം പേർ മാത്രമാണ്. അവശേഷിച്ച ആയിരത്തി അഞ്ഞൂറ് കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ആറളം ഫാം കാട് കയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണം. ധ ബ്ലോക്കി ലെ കൃഷിയിടങ്ങൾ. ആറളം കാർഷിക ഫാമിലെ ഭൂമിയും കാട് മൂടിയ നിലയിലാണ്. വനമാതൃകയിൽ കാട് നിറഞ്ഞ ആറളം ഫാമിൽ നിന്ന് കാട്ടാനകൾ നിന്നാൽ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ് കാരണം.
തടസ്സം നീക്കി ആന മതിൽ പൂർത്തിയാക്കും; അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ്-മന്ത്രി
ആറളം: മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആനമതിൽ നിർമാണം കാര്യക്ഷമമായി, സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ സർവകക്ഷി യോഗത്തിൽ അറിയിച്ചു. മതിൽ പ്രവൃത്തി ഇനിയും ആരംഭിക്കാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനം തന്നെ പ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കും. കാട്ടാന ആക്രമണത്തിൽ ആറളം ഫാമിലെ വെള്ളി, ഭാര്യ ലീല കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആറളം പഞ്ചായത്ത് ഓഫിസിൽ സർവകക്ഷി യോഗം വിളിച്ചത്.
മരണപ്പെട്ടവരുടെ കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പ് താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 10 ലക്ഷം രൂപ ചൊവ്വാഴ്ച നൽകും. ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച ആനകളെ ഉൾക്കാടുകളിലേക്ക് തുരത്തുന്നതിന് തിങ്കളാഴ്ച രാത്രി തന്നെ ആർ.ആർ.ടികൾ നടപടി ആരംഭിച്ചു. ആനമതിൽ നിർമാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണ്.
വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട അനുമതികളെല്ലാം നൽകിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് താക്കീതോടെ ഉത്തരവിറക്കുമെന്ന് മന്ത്രി അറിയിച്ചു. ആനമതിൽ പൂർത്തിയാകും വരെ ചില പ്രദേശങ്ങളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കും. ഇതിന് ആവശ്യമായ തുക ജില്ല കലക്ടർ ജില്ല ദുരന്തനിവാരണ സമിതി ഫണ്ടിൽ നിന്ന് അനുവദിക്കും. ടെൻഡർ വിളിച്ചാലുള്ള കാലതാമസം കണക്കിലെടുത്ത് ജില്ല കലക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ക്വട്ടേഷൻ വ്യവസ്ഥയിൽ കാര്യക്ഷമതയുള്ള കരാറുകാരെ ഉപയോഗിച്ച് പ്രവൃത്തി നടത്താമെന്ന് മന്ത്രി അറിയിച്ചു.
മാർച്ച് ആദ്യവാരം തിരുവനന്തപുരത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ല കലക്ടർ അരുൺ കെ. വിജയൻ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സി.സി.എഫ് കെ.എസ്. ദീപ, റൂറൽ പൊലീസ് മേധാവി അനൂജ് പലിവാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ സംസാരിച്ചു.