നാടിറങ്ങി വന്യമൃഗങ്ങൾ; ഭീതിയിൽ മലയോരം
text_fieldsകാക്കയങ്ങാടിന് സമീപം ജനവാസ മേഖലയിലെ കൃഷിയിടത്തിലെ കെണിയിലകപ്പെട്ട പുലി (ഫയൽ)
കേളകം: മാനന്തവാടിക്കടുത്ത് കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി മരിച്ചതിൽ ആശങ്കയോടെ മലയോര ജനത. മുൻകാലങ്ങളെ അപേക്ഷിച്ച് വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിൽ ഭീതിയിലാണ് നാട്ടുകാർ. കൃഷിയിടങ്ങളെല്ലാം വന്യജീവികളുടെ താവളമാകുന്ന സ്ഥിതിയാണ്. കാട്ടുപന്നികൾ, മാനുകൾ എന്നിവയുള്ള പ്രദേശങ്ങളിലാണ് പുലിയും കടുവയും ഇര തേടിയെത്തുന്നത്.
കാക്കയങ്ങാടിലെ കൃഷിയിടത്തിൽ കാട്ടുപന്നിയെ കുരുക്കാനിട്ട കുടുക്കിൽ പുലി കുടുങ്ങിയത് ഈയടുത്താണ്. കണിച്ചാർ ടൗണിന് സമീപം കഴിഞ്ഞ ദിവസമാണ് പുലിയെ കണ്ടത്. മാസങ്ങൾക്ക് മുമ്പാണ് കേളകം പഞ്ചായത്തിലെ കരിയംകാപ്പ് ജനവാസ മേഖലയിൽ വട്ടമിട്ടിരുന്ന കടുവ ദിവസങ്ങളോളം നാടിന്റെ സമാധാനം കെടുത്തി ഒടുവിൽ മയക്കുവെടിയിൽ ചത്തൊടുങ്ങിയത്. ഇതേസംഭവം കൊട്ടിയൂർ പന്നിയാംമലയിലും ഉണ്ടായി. കഴിഞ്ഞദിവസം കൊട്ടിയൂർ ഒറ്റപ്ലാവിൽ കൃഷിയിടത്തിൽ കരടിയും പ്രത്യക്ഷപ്പെട്ടു. പുലർച്ച ടാപ്പിങ് തൊഴിലാളികളും പ്രഭാത സവാരിക്കാരും ഇരുചക്രവാഹനയാത്രക്കാരും കാട്ടുപന്നികളുടെ മുന്നിൽ അകപ്പെടുന്ന സംഭവങ്ങളും പതിവാണ്.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പയത്തോട്, ചപ്പമല, നെല്ലിയോടി, ഒറ്റപ്ലാവ് പ്രദേശങ്ങളിലെ ജനങ്ങളാണ് കടുവ, പുലിപ്പേടിയിൽ കഴിയുന്നത്.
അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖലയും.