Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ...

ആറളം ഫാമിൽ അക്രമാസക്‌തരായി കാട്ടാനകൾ;പത്ത് വർഷത്തിനുള്ളിൽ പൊലിഞ്ഞത് 15 ജീവനുകൾ

text_fields
bookmark_border
ആറളം ഫാമിൽ അക്രമാസക്‌തരായി കാട്ടാനകൾ;പത്ത് വർഷത്തിനുള്ളിൽ   പൊലിഞ്ഞത് 15 ജീവനുകൾ
cancel

കേളകം:ആറളം ഫാമിൽ അക്രമാസക്‌തരായ കാട്ടാനകൾ പത്ത് വർഷത്തിനുള്ളിൽ ചവിട്ടിയരച്ചത് 15 ജീവനുകൾ. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ അധിവസിക്കുന്ന ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനക്കൂട്ടങ്ങളുടെ താണ്ഡവം തുടർക്കഥയായി മാറുകയാണ്.

കൃത്യമായ കണക്കില്ലെങ്കിലും 40ഓളം ആനകൾ ഫാമധീന മേഖലയിലും പുനരധിവാസ മേഖലയിലും ഉണ്ടെന്നാണ് ഇവിടുത്തെ തൊഴിലാളികൾ പറയുന്നത്. വർഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടങ്ങളിൽ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യ സംഭവമായി മാറി. കാട്ടാനകളിൽ നിന്ന് ആറളം ഫാമിനെ സംരക്ഷിക്കാനുള്ള ആന മതിൽ നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പൂർത്തീകരിക്കാതെ ഇഴയുകയാണ്.

പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് ആറളത്തെ പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് ആദിവാസികളുടെ ജീവിതം. പുറത്തിറങ്ങിയാൽ ആനപ്പിടിയിലാവുമോ എന്ന ഭയത്താൽ കഴിയുകയാണ് ആദിവാസി ജനത. കാർഷിക വിളകൾ ചവിട്ടിമെതിച്ചും വീടുകൾ തകർത്തും വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ തുരത്തുന്നതിൽ അധികൃതരുടെ വീഴ്ചയുണ്ട്.

2014 ഏപ്രിൽ 20ന്‌ ബ്ലോക്ക്‌ പതിനൊന്നിലെ ആദിവാസി മാധവിയാണ്‌ ആദ്യം ആനയുടെ കുത്തേറ്റ്‌ മരിക്കുന്നത്. 2015 മാർച്ച്‌ 24ന്‌ ബ്ലോക്ക്‌ ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന്‌ മരിച്ചു. ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്‌. അഞ്ച്‌ പേരെയാണ് കാട്ടാന ആ വർഷം ആക്രമിച്ച് കൊന്നത്.

ജനുവരി പത്തിന്‌ നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ്‌ കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന്‌ അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച്‌ എട്ടിന്‌ ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കോട്ടപ്പാറയിൽ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വെച്ച്‌ റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 ഒക്‌ടോബർ 29ന്‌ ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന്‌ ആദിവാസിയായ കുഷ്‌ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന്‌ ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബർ31ന്‌ ആറളം ഫാമിലെ ആദിവാസി യുവാവ്‌ സതീഷ്‌ (ബബീഷ്‌) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ്‌ മരിച്ചു.

ആറളം ഫാമിലെ കാട്ടാനയക്രമണത്തിന്റെ പതിനൊന്നാമത് ഇരയായിരുന്നു 2023 ജനുവരി 31 കൊല്ലപ്പെട്ട ചെത്ത്‌ തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ്. ബ്ലോക്ക്‌ ഒന്നിലാണ്‌ കാട്ടാന ഓടിച്ച്‌ റിജേഷിനെ ചവിട്ടിക്കൊന്നത്‌. റിജേഷ്‌ അടക്കം നാല്‌ തൊഴിലാളികൾ തെങ്ങ്‌ ചെത്തിനായി പോവുന്നതിനിടെയാണ്‌ ആനക്ക്‌ മുന്നിൽ പെട്ടത്‌. തൊഴിലാളികൾ ചിതറിയോടുന്നതിനിടയിൽ റിജേഷിനെ ആന പിന്തുടർന്ന്‌ ചവിട്ടി കൊല്ലുകയായിരുന്നു. ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന്റെ പന്ത്രണ്ടാമത് ഇരയായിരുന്നു ദാമു . കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചിരുന്നു . കൂടാതെ 2021 സെപ്തം. 26 ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു.

കർണാടകയുടെ മാക്കൂട്ടം വന മേഖലയിൽ നിന്നും എത്തിയ കാട്ടാന 10 കിലോമീറ്ററിലേറെ ജനവാസ മേഖലയിൽ കടന്നെത്തിയാണ് രാവിലെ ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെ ചവിട്ടിക്കൊന്നത്. കഴിഞ്ഞ കൊല്ലം ഫെബ്രവരിയിൽ ഫാം പതിമൂന്നിലെ വെള്ളി - ലീല ദമ്പതികളും കാട്ടാനകളുടെ പിടിയിലകപ്പെട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു. ഒടുവിലായി ഫാം പത്താം ബ്ലോക്കിലെ നാൽപത് കാരൻ അനീഷിനെയും കാട്ടാന കൊന്നു. ഓരോ ജീവനുകൾ കാട്ടാനകൾ കവരുമ്പോഴും പ്രതിഷേധം ഉയരാറുണ്ട്. എന്നാൽ കലക്ടറുടെ പരിഹാര ഉറപ്പിൽ പ്രതിഷേധമണയുകയും പിന്നീട് അടുത്ത ദുരന്തത്തിൽ വീണ്ടും ഉണരുകയുമാണ് പതിവ്.

ഉറപ്പ് പാലിക്കാതെ സർക്കാരും വനംവകുപ്പും തുടരുന്നു. ആനക്കൂട്ടങ്ങൾക്ക് മുമ്പിൽ ആറളത്തെമനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത അലംഭാവം തുടരുകയും ചെയ്യുന്നു.

Show Full Article
TAGS:Wild elephants aralam farm Local News 
News Summary - Wild elephants turn violent in Aralam Farm; 15 lives lost in 10 years
Next Story