ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയും രക്ഷപ്പെടുത്തി
text_fieldsലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയെയും കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു
പുതിയതെരു: പുതിയതെരു റോയൽ സ്ക്വയർ എന്ന കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയും കണ്ണൂരിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ കഠിനമായ ശ്രമത്തിലൂടെ രക്ഷപ്പെടുത്തി. ശനിയാഴ്ച പകൽ 11.30 ഓടെയാണ് സംഭവം.
ലിഫ്റ്റിൽ കുടുങ്ങിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോഴാണ് സ്ഥാപനത്തിലുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഉടമ അടിയന്തിര സഹായത്തിനായി കണ്ണൂരിലെ അഗ്നിരക്ഷാ സേനയെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ സേനാ വിഭാഗത്തിന് ലിഫ്റ്റിൽകുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഏറെ പാടുപെട്ടെങ്കിലും ഫലം കണ്ടില്ല.
ഒടുവിൽ യാതൊരു രീതിയിലും തുറക്കാനാകാതെ വന്നപ്പോൾ അകപ്പെട്ടുപോയവരെ രക്ഷിക്കാനായി ലിഫ്റ്റ് ഡോർ ഹൈഡ്രോളിക്ക് സ്പെഡാർ ഉപയോഗിച്ചു തുറന്നാണ് സുരക്ഷിതമായി പുറത്തിറക്കിയത്. സീനിയർ ഫയർ ഓഫിസർ വി.കെ. അഫ്സൽ, ഫയർ ഓഫിസർമാരായ ടി.കെ. ശ്രീകേഷ്, എസ്. ജോമി, ജി.എസ്. അനൂപ്, കെ. വിഷ്ണു, കെ.പി. നസീർ, ഹോം ഗാർഡ് പുരുഷോത്തമൻ എന്നിവർ ചേർന്നാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.