കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു
text_fieldsകുത്തേറ്റ് അവശനിലയിൽ അന്തർ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയ കണ്ണൂർ പ്രസ് ക്ലബ് റോഡിൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ വെച്ച് ഗതാഗതം നിയന്ത്രിച്ചപ്പോൾ
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം യുവാവിന് കുത്തേറ്റു. പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത്ത് മങ്കാറിനാണ് (40) വയറിന് ആഴത്തിൽ കുത്തേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെ രഞ്ജിത്തിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
പൊലീസ് വാഹനം കടന്നുപോകുന്നതിനിടെ കിഴക്കേ കവാടത്തിന് സമീപം ഒരാൾ വീണു കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് യുവാവിന് വയറിന് കുത്തേറ്റതായി കണ്ടത്. ഉടൻ കണ്ണൂർ ഫയർഫോഴ്സിന്റെ വാഹനത്തിൽ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മദ്യപസംഘങ്ങൾ തമ്മിലുള്ള വാക്ക് തർക്കമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടൗൺ സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണുന്നിടത്ത് നടന്ന കൊലപാതകശ്രമത്തിൽ പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ടൗൺ ഇൻസ്പെക്ടർ ശ്രിജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
രാത്രിയും പകലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
രാത്രിയും പകലും വ്യത്യാസമില്ലാതെ നഗരത്തിൽ പലയിടത്തും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഒന്നരവർഷം മുമ്പ് പൂളക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവർ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് ചൊവ്വാഴ്ച പശ്ചിമ ബംഗാൾ സ്വദേശിക്ക് കുത്തേറ്റത്. ചരക്കുമായി വരുന്ന ലോറികൾ നിർത്തിയിടുന്നതിന് സമീപത്തു നിന്നാണ് അന്ന് ഡ്രൈവർക്ക് കുത്തേറ്റത്. സംഭവത്തിൽ സ്ഥിരം കുറ്റവാളികളാണ് അറസ്റ്റിലായത്. വർഷങ്ങൾക്കു മുമ്പും ഇവിടെ ഒരു ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു.
കോർപറേഷന്റെ മൾട്ടി ലെവൽ കാർപാർക്കിങ് കേന്ദ്രം, റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിൽ സ്ഥിരം കുറ്റവാളികളും ലഹരി സംഘങ്ങളും തമ്പടിക്കുന്നുണ്ട്. കാർപാർക്കിങ് കേന്ദ്രത്തിനുള്ളിൽ പൊലീസിന്റെ ശ്രദ്ധ എത്താത്തതിനെതിരെ പരാതിയുണ്ട്. പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. പൊലീസ് സ്റ്റേഷന് സമീപം പോലും മദ്യപസംഘങ്ങളുടെ പോർവിളികളും വാക്കേറ്റവും സ്ഥിരമാണ്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ പകൽ സമയങ്ങളിൽ പോലും സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്.
പരസ്യ മദ്യപാനം വ്യാപാരികളും മറ്റും ചോദ്യം ചെയ്താലും ഭീഷണിപ്പെടുത്തലും ആക്രമിക്കലുമാണ് മറുപടി. ചായകുടിച്ചശേഷം പണം ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിൽ മിൽമ ബൂത്ത് അടിച്ചുതകർത്ത സംഭവവും കഴിഞ്ഞമാസമുണ്ടായിരുന്നു. മാർക്കറ്റാണ് സാമൂഹിക വിരുദ്ധരുടെ മറ്റൊരു കേന്ദ്രം. ഇരുട്ടിന്റെ മറവിൽ ഇവിടം ലഹരിവിൽപനക്കാരും മദ്യപരും കൈയടക്കുകയാണ്. താണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ജനുവരിയിലാണ്. സംഭവത്തിൽ സഹപ്രവര്‍ത്തകരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.