ഞാനൊരു നരൻ! മരം കൊള്ളയടിക്കാൻ പുതിയ തന്ത്രം
text_fieldsകുടുപ്പം കുഴി ചെക് ഡാമിൽ കുടുങ്ങിയ മരത്തടികൾ
ബദിയടുക്ക: വിലപിടിപ്പുള്ള മരങ്ങൾ കൊള്ളയടിക്കാനുള്ള പുതിയ തന്ത്രവുമായി മാഫിയ സജീവം. പള്ളത്തടുക്ക പുഴയിലെ കുടുപ്പം കുഴി ചെക് ഡാമിൽ കുടുങ്ങിയ മരത്തടികൾ കടത്തിക്കൊണ്ടുപോയവരെ കുറിച്ച് അന്വേഷിക്കുന്നു. വേനൽക്കാലത്ത് പുറമ്പോക്ക് പുഴയരികിലെ വിലയുള്ള മരങ്ങളുടെ വേരുകൾ നീക്കം ചെയ്തുവെച്ചാണ് സംഘങ്ങൾ സൂത്രത്തിൽ വൻ തട്ടിപ്പ് നടത്തുന്നത്.
മഴക്കാലമാകുമ്പോഴേക്കും കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിലിൽ ഈ മരങ്ങളൊക്കെ കടപുഴകുകയും നദിയിലേക്ക് പതിക്കുകയും ചെയ്യുന്നു. പുഴയിലേക്ക് നിലംപൊത്തിയ മരങ്ങൾ ചെക് ഡാമിൽ കുടുങ്ങുന്നു. ഇത് അവിടെനിന്ന് എടുത്ത് മുറിച്ചു വിൽക്കുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. എല്ലാവർഷവും ഇത് തുടരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ഈ സംഘങ്ങളുടെ ഭീഷണി ഭയന്നാണ് ആരും പുറത്തുപറയാതിരുന്നതെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ലക്ഷം രൂപയിലധികം വിലയുള്ള പ്ലാവും മറ്റു മരങ്ങളുമാണ് ഇങ്ങനെ പ്രദേശത്തുനിന്ന് അപ്രത്യക്ഷമാകുന്നത്.
ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രൻ ബദിയടുക്ക പൊലീസിൽ പരാതി നൽകി. ജൂലൈ 31ന് ചെക് ഡാമിൽ കുടുങ്ങിയ പ്ലാവിനെ മരം മാഫിയ മുറിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ബദിയടുക്ക വില്ലേജിൽ വിവരം നൽകുകയായിരുന്നു. അധികൃതർ സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പ് സംഘം കടന്നുകളയുകയായിരുന്നുവെന്ന് പറയുന്നു. മുറിച്ച മരത്തിന്റെ അടിഭാഗം തേടി വില്ലേജ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കഡാർ പുഴ അരികിലെ പുറമ്പോക്ക് സ്ഥലത്തുള്ള പ്ലാവാണെന്ന് ഉറപ്പിക്കുകയും വില്ലേജ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു.
പിന്നീട് സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ തൊട്ടടുത്ത ദിവസം മരം പഞ്ചായത്ത് കസ്റ്റഡിയിൽ എടുക്കാനായി തീരുമാനിച്ചു. എന്നാൽ, പിറ്റേദിവസം മരം എടുക്കാനായി വന്നപ്പോൾ അത് അപ്രത്യക്ഷമായിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഇതിനെതിരെയാണ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയിരിക്കുന്നത്. ഇതോടെ വൻ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ആരെല്ലാം ഇതിന് പിന്നിലുണ്ടെന്നാണ് ഇനി കണ്ടെത്തേണ്ടത്.


