ഇതൊക്കെ ശ്രദ്ധിക്കണ്ടേ...
text_fieldsടാർപോളിൻ ഷീറ്റുകെട്ടി താമസിക്കുന്ന കുടുംബം
ബദിയഡുക്ക: കനത്തയൊരു മഴ പെയ്താൽ എല്ലാം തീരും. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന് കീഴെ ചാക്കിൽ കിടന്നുറങ്ങുന്ന കുട്ടികൾ.
ഇത് ബദിയഡുക്ക പഞ്ചായത്തിലെ ആറാം വാർഡ് നീർച്ചാൽ വില്ലേജിൽപെട്ട കെടഞ്ചിയിൽ മൊഗർ കുടുംബത്തിന്റെ കഥ. പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ കഷ്ടപ്പെട്ട് കഴിയുന്നത്.
ചിലർക്ക് പട്ടയം കിട്ടിയിട്ടുണ്ട്. എന്നാൽ, വാസയോഗ്യമായ സ്ഥലമല്ല ലഭിച്ചത്. ചിലർക്ക് റേഷൻ കാർഡില്ല. അതുകൊണ്ടുതന്നെ വിളക്കൊന്ന് തെളിക്കാൻ മണ്ണെണ്ണയും കിട്ടില്ല. പുറത്തുനിന്ന് ഡീസൽ വാങ്ങിച്ച് വെളിച്ചം കാണുന്നു.
സന്മനസ്സുള്ള നാട്ടുകാരും സന്നദ്ധസംഘടനകളും വന്ന് പലപ്പോഴും സഹായിക്കുന്നതുകൊണ്ട് ജീവിച്ചുപോകുകയാണെന്ന് ഈ കുടുംബങ്ങൾ പറയുന്നു. ആരെങ്കിലും ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവർക്ക് ഈ കാലവർഷത്തിലെങ്കിലും നനയാതെ കിടക്കാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നും ഇന്നലെയുമല്ല, വർഷങ്ങളായുള്ള പതിവ് ഈ വർഷകാലത്തും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്നതാണ് സങ്കടകരം. അധികൃതർ ഇതൊന്നും ഇതുവരെ ശ്രദ്ധിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. ഏഴുവയസ്സിൽ താഴെയുള്ള നാലു പെൺമക്കളുമായി ഇവിടെ കൂരയിൽ കഴിയുകയാണ് നേത്ര.
രണ്ടു വയസ്സുള്ള ഇരട്ടക്കുഞ്ഞുങ്ങളും ഒന്നിലും മൂന്നിലും പഠിക്കുന്ന മറ്റു കുട്ടികളും. മുത്തച്ഛൻ ബാബു, എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന വിദ്യാർഥി, ഇവരുടെ അമ്മമാർ തുടങ്ങി 14 പേരാണ് കുടുംബത്തിലുള്ളത്. ഇതിൽ ബാബുവിന് കുടുംബപരമായി ലഭിച്ച ഒമ്പതു സെന്റ് സ്ഥലം ഇവരിപ്പോൾ താമസിക്കുന്ന പുറമ്പോക്കുസ്ഥലത്തിന് പിറകിലായുണ്ട്.
എന്നാൽ, റേഷൻ കാർഡില്ല. അതുകൊണ്ടുതന്നെ ലൈഫിൽ അപേക്ഷ കൊടുക്കാൻപറ്റിയില്ല. അതിനടുത്ത് തൂണിനുപകരം വാഴയിൽ പ്ലാസ്റ്റിക് ഷീറ്റുകെട്ടി കഴിയുന്ന യമുനയും ദുർഗേഷുമുണ്ട്. കാണുന്ന മാത്രയിൽ കണ്ണുനിറക്കുന്ന കാഴ്ച. യമുനക്ക് അഞ്ചു സെന്റ് സ്ഥലമുണ്ട്.
ഇവരും ഇതുപോലെ ലൈഫിൽ അപേക്ഷ കൊടുത്തിരുന്നെങ്കിലും വീട് ലഭിച്ചില്ല. 2018ൽ ഇടതുസർക്കാർ നൽകിയ പട്ടയമാണിത്. ഇതിനോടുചേർന്ന് താമസിക്കുന്ന കല്യാണിക്ക് പത്ത് സെന്റ് ഭൂമിയുടെ പട്ടയമുണ്ടെങ്കിലും വാസയോഗ്യമല്ലാത്ത സ്ഥലത്താണ് ഭൂമി ലഭിച്ചത്. ഇവർക്ക് റേഷൻ കാർഡുണ്ട്.
ഇവർ വാസയോഗ്യമായ സ്ഥലത്തിനും വീടിനും വേണ്ടി നവകേരള സദസ്സിൽ പരാതി കൊടുത്തിട്ടുണ്ട്. അതിനുള്ള കാത്തിരിപ്പിലാണിപ്പോൾ.
ബദിയടുക്ക പഞ്ചായത്തിൽ 19 വാർഡുകളിലായി ഭൂരഹിതരും സ്വന്തമായി ഭൂമിയുള്ളവരുമായി ലൈഫ് മിഷൻ ഭവനപദ്ധതിയിൽ രണ്ടായിരത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്.
ഇതിൽ എസ്.സി-എസ്.ടി പ്രയോറിറ്റി കണക്കാക്കി നാനൂറോളം വീടുകൾ ലൈഫ് മിഷനിൽ നൽകിയെങ്കിലും ഈ പാവങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
ഈ അവഗണന ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണ് കാണിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാസയോഗ്യമായ വീടുള്ളവർപോലും ലൈഫ് മിഷനിൽ പുതുതായി വീട് ലഭിച്ചവരിലുണ്ടെന്നും ആക്ഷേപമുണ്ട്.
അപ്പോഴാണ് ഈ ദുരിതബാധിതർ പുറത്തുനിൽക്കുന്ന സങ്കടകരമായ അവസ്ഥ. എല്ലാവർക്കും വീടെന്ന് പറയുമ്പോഴും ഇവർക്കിതൊക്കെ അന്യമാകുന്ന കാഴ്ചയാണിവിടെ.
അതേസമയം, ബദിയടുക്കയിലെ സി.പി.എം നേതാക്കൾ കുടുംബത്തെ സന്ദർശിച്ച് രേഖകളെല്ലാം പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ലഭിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ നടത്തുമെന്നും അതിദാരിദ്ര്യ പട്ടികയിൽ ഈ കുടുംബത്തിലുള്ളവരുണ്ടോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചു.