പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന വിധവയോട് ക്ലർക്ക് കൈക്കൂലി വാങ്ങിയെന്ന് പരാതി
text_fieldsബദിയടുക്ക: വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയ വിധവയെ ഭീഷണിപ്പെടുത്തി ക്ലർക്ക് കൈക്കൂലി വാങ്ങിയെന്ന് പരാതി.
ബദിയടുക്ക രണ്ടാം വാർഡ് നിഡുകളയിലെ പരേതനായ ശ്യാം പ്രസാദിന്റെ ഭാര്യ ആശകുമാരിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ആശ കുമാരിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: ഭർത്താവ് മരിച്ച് വർഷങ്ങളായി. വീട്ടുജോലിക്ക് പോയി അതിൽനിന്ന് കിട്ടുന്ന തുച്ഛമായ വരമാനവും സർക്കാറിന്റെ വിധവ പെൻഷനുമാണ് ദൈനംദിന ജീവിത്തിനുള്ള ഉപാധി. വീടിന്റെ ഓണർഷിപ്പ് മാറ്റാനാണ് ബദിയടുക്ക പഞ്ചായത്തിൽ അപേക്ഷ നൽകിയത്.
അന്വേഷണത്തിനായി വന്ന ക്ലർക്ക് മകനോട് പണം ചോദിച്ചു. തന്റെ കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ ഗൂഗ്ൾ പേ ചെയ്യാൻ പറഞ്ഞു. അതുമില്ലെന്ന് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഓണർഷിപ്പിന് തടസ്സമാകുമെന്ന് ഭയന്ന് തൊട്ടടുത്ത വീട്ടുകാരോട് 500 രൂപ കടം വാങ്ങി നൽകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ കാര്യം താൻ നേരിട്ട് പഞ്ചായത്തിലെത്തി സെക്രട്ടറിയോട് പരാതി പറഞ്ഞതായും ആശ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തേയും പരാതിയുണ്ടായിരുന്നു. അതേസമയം, പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരുകയാണെന്നും പഞ്ചായത്ത് ജോയന്റ് ഡയറക്ടർ അറിയിച്ചു.