ഹരിത കർമസേനയിൽ സാമ്പത്തിക ക്രമക്കേട്; ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്തിൽ ഹരിത കർമസേനയിൽ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപെട്ടതിനാൽ ജില്ല കുടുംബശ്രീ ഓഡിറ്റ് വിഭാഗം പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച് 17ാം വാർഡിലെ രണ്ട് വനിത അംഗങ്ങളെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് മാറ്റിനിർത്തി. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് തിരുമാനമെടുത്തത്. 2023 ഏപ്രിൽ മുതൽ ഇതുവരെയായി ഓഡിറ്റ് നടത്താത്തത് വീഴ്ചയാണെന്നും 19 വാർഡുകളിലെ സാമ്പത്തിക ഇടപാട് ഓഡിറ്റിന് വിധേയമാക്കി കൃത്രിമത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ അപേക്ഷ നല്‍കാനും പഞ്ചായത്ത് തീരുമാനിച്ചു.
വാര്‍ഡില്‍നിന്ന് യൂസര്‍ ഫീസായി പിരിച്ചെടുക്കുന്ന തുക ബാങ്കില്‍ അടക്കുമ്പോള്‍ തുക പൂര്‍ണമായും അടക്കാതെ പഞ്ചായത്ത് ഓഫിസില്‍ ഉത്തരവാദിത്തപ്പെട്ട സംഘത്തിന്റെ പ്രസിഡന്റ്-സെക്രട്ടറിമാരുടെ മുന്നിൽ രസീതി നല്കുമ്പോള് അതില്‍ കൃത്യമായ തുക കാണിച്ച് കൃത്രിമം കാണിച്ചുവെന്നതാണ് ആരോപണമുയർന്നത്. കൃത്രിമം നടന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്ത് ഓഫിസിലെത്തി എല്ലാ വാര്‍ഡുകളിലേയും ഹരിതകര്‍മ സേനാംഗങ്ങളുടെ കണക്കുകള്‍ പരിശോധന നടത്തിവരുന്നതായും നടപടികള്‍ പൂര്‍ത്തിയായാല്‍ കൃത്രിമം നടത്തിയ തുകയുടെ കണക്ക് വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സംഭവത്തിൽ സി.പി.എം വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടുപേരെ മാറ്റിനിർത്തി ഓഡിറ്റിന് വിധേയമാകുമ്പോൾ ചുമതലയുള്ള ഹരിതകർമ സേനയുടെ പ്രസിഡന്റ്-സെക്രട്ടറി എന്നിവരെ മാറ്റിനിർത്താതെ നടത്തുന്ന ഓഡിറ്റ് പൂർണമാകില്ലെന്നും വിജിലൻസ് അന്വേഷണത്തിലൂടെ ക്രമക്കേട് കാണിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.പി.എം ബദിയഡുക്ക ലോക്കൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് ആവശ്യപ്പെട്ടു. അതേസമയം, സി.പി.എമ്മിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പ്രസ്താവനകളുമായി രംഗത്തുവന്നിട്ടുണ്ട്.