ലൈഫ് ഹൗസ് വില്ല: കുടുംബങ്ങളുടെ മാർച്ച് ഫലം കണ്ടു
text_fieldsമണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലൈഫ് ഹൗസ് വില്ലയിലേക്കുള്ള റോഡ് സുരക്ഷിതമാക്കുന്നു
ബദിയഡുക്ക: സർക്കാർ നൽകിയ സ്ഥലവും വീടും റോഡും സ്വകാര്യ വ്യക്തി കൈയേറാനുള്ള ശ്രമത്തിനെതിരെ ബേള വില്ലേജ് ഓഫിസിലേക്ക് ലൈഫ് ഹൗസ് വില്ലയിലെ കുടുംബം നടത്തിയ മാർച്ച് ഫലംകണ്ടു. നീർച്ചാൽ ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ ആശങ്കയാണ് കലക്ടർ ഇമ്പശേഖറിന്റെ ഇടപെടലോടെ ഇല്ലാതായത്. സർക്കാർ നൽകിയ സ്ഥലത്ത് ലൈഫ് മിഷൻ ഭവനപദ്ധതി വഴി ലഭിച്ച 58 വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി നേതൃത്വത്തിലാണ് ജൂലൈ 25ന് ബേള വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
ഇവരുടെ ന്യായമായ ആവശ്യം മാധ്യമങ്ങളും ഏറ്റെടുത്തതോടെ റവന്യൂ വകുപ്പിന്റെ ഇടപെടലിന്റെ ഭാഗമായി പരാതി കേൾക്കാൻ കുടുംബങ്ങളെ കലക്ടർ വിളിപ്പിക്കുകയായിരുന്നു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ലത്തീഫ്, കൺവീനർ സീനത്ത്, അംഗങ്ങളായ കൃഷ്ണ, ആബിദ, പൊതുപ്രവർത്തകൻ ഉദയൻ ടി. പണിക്കർ എന്നിവർ കലക്ടറുടെ ചേംബറിലെത്തി കാര്യങ്ങൾ വിവരിച്ചു. അപ്പോൾതന്നെ കലക്ടർ ലാൻഡ് ചുമതലയുള്ള എ.ഡി.എമ്മിനെ വിളിപ്പിച്ച് സർക്കാർ നൽകിയ സ്ഥലവും അതിലേക്കുള്ള റോഡും ഉറപ്പാക്കുന്ന പ്ലാൻ സ്കെച്ച് തിട്ടപ്പെടുത്തിക്കൊടുക്കാൻ നിർദേശം നൽകുകയായിരുന്നു. വ്യാഴാഴ്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് സുരക്ഷിതമാക്കി.
റീസർവേയുടെ മറവിൽ സ്വകാര്യവ്യക്തി 50 സെന്റ് സ്ഥലം തന്റേതാണെന്ന വാദവുമായി രംഗത്തുവരുകയായിരുന്നു. ഇതോടെ നാല് വീട് നിൽക്കുന്ന സ്ഥലവും ലൈഫ് ഹൗസ് വില്ലയിലേക്കുള്ള റോഡുമാണ് ഇല്ലാതായിരുന്നത്. ഇതിനെതിരെയാണ് വില്ലയിലെ കുടുംബങ്ങൾ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി സമരത്തിന് നേതൃത്വം നൽകിയത്. സമരത്തിന് നേതൃത്വം നൽകിയത് സി.പി.എം നേതാക്കളായിരുന്നു.