മൃഗക്ഷേമത്തിൽ മിന്നി കാസര്‍കോട്; ബേഡഡുക്ക ആട് ഫാം 30ന് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും
text_fieldsബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയിൽ ഉദ്ഘാടനസജ്ജമായ ഹൈടെക് ആടുഫാം
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആടുഫാം ഒക്ടോബര്‍ 30ന് മൃഗസംരക്ഷണ ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് കീഴിലെ കല്ലളിയിലാണ് 22.75 ഏക്കറില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആടുഫാം പ്രവര്‍ത്തനസജ്ജമാകുന്നത്.
നിലവില്‍ മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് വികസന പാക്കേജും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.അഞ്ചു ബ്ലോക്കുകളിലായി 1000 ആടുകളെ സംരക്ഷിക്കാന്‍ പറ്റുന്ന ഹൈടെക്ക് ആട് ഫാമിന്റെ ആദ്യഘട്ടം എന്നനിലയില്‍ 200 ആടുകള്‍ക്കുവേണ്ടിയുള്ള ബ്ലോക്കാണ് കാസര്‍കോട് വികസന പാക്കേജിന്റെ സഹായത്തോടുകൂടി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
10 അടി ഉയരമുള്ള ഷെഡില്‍ 190 പെണ്ണാടുകളെയും 10 മുട്ടനാടുകളെയും പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. ഫാമിനോടനുബന്ധിച്ച് ഏഴേക്കറില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം ആടുകളുടെ തീറ്റിക്കുവേണ്ടിയുള്ള ആയിരത്തോളം പ്ലാവിന്‍തൈകളും വിവിധയിനം തീറ്റപ്പുല്ലുകളും ഇവിടെ കൃഷിചെയ്തിട്ടുണ്ട്. കൃഷികള്‍ക്കാവശ്യമായ ജലസേചനത്തിനായി മൃഗസംരക്ഷണ വകുപ്പ് 90,000 രൂപയുടെ ജലസേചനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ‘പാലാഴി’
പശുക്കളുടെ ആരോഗ്യസൂചകങ്ങളുടെ സമഗ്ര വിലയിരുത്തല്‍, ഉയര്‍ന്ന ജനിതകമൂല്യമുള്ള ബീജമാത്രകള്‍ പശുക്കളുടെ കൃത്രിമ ബീജാധാനത്തിനായി ലഭ്യമാക്കല്‍, തീറ്റപ്പുല്ലിന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ പാലാഴി പദ്ധതി സംസ്ഥാനത്ത് ആദ്യമായി കാസർകോട്ട് നടപ്പാക്കുന്നു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാനരേഖ തയാറാക്കുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍നിന്നായി കന്നുകാലികളുടെ പാല്, രക്തം, ചാണകം തുടങ്ങിയവ ശേഖരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യസര്‍വേക്ക് തിങ്കളാഴ്ച തുടക്കമായി.
മൂന്നുദിവസം നീളുന്ന സർവേയില്‍ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബ്ലോക്കിലെ 41 ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് സാമ്പിള്‍ ശേഖരിക്കാൻ തുടങ്ങി. ക്ഷീരകര്‍ഷകരുടെ പുരയിടത്തില്‍തന്നെ തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ ലെവല്‍ ഫോഡര്‍പ്ലാനും ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ച് ഫോഡര്‍ ബാങ്കുകള്‍ രൂപവത്കരിക്കുന്നതിനായി മാക്രോ ലൈവല്‍ ഫോഡര്‍ പ്ലാനും പദ്ധതിയുടെ ഭാഗമായി തയാറാക്കും. ഒരുവര്‍ഷം നീളുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവും ആദായകരവുമായ രീതിയില്‍ മെച്ചപ്പെടുത്താനും ക്ഷീരോൽപാദന മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും കഴിയും.
മുളിയാറിലെ എ.ബി.സി കേന്ദ്രം: 8076 നായ്ക്കൾക്ക് കുത്തിവെപ്പെടുത്തു
കാസർകോട്: ജില്ലയിലെ തെരുവുനായ് നിയന്ത്രണത്തിനായി മുളിയാറില്‍ തുടങ്ങിയ എ.ബി.സി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി മുളിയാറിലെ എ.ബി.സി കേന്ദ്രം സമര്‍പ്പിച്ചിരുന്നു. ആഗസ്റ്റ് 18ന് എ.ബി.സി കേന്ദ്രം സന്ദര്‍ശിച്ച കേന്ദ്രസംഘം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തതാണ്.
2024-25 വര്‍ഷത്തില്‍ 8076 വളര്‍ത്തുനായ്ക്കളെ പ്രതിരോധ കുത്തിവെപ്പ് നടത്തി. ജില്ലയില്‍ ഡോഗ് കാച്ചേഴ്സ് ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട്, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഡോഗ് കാച്ചേഴ്സിന്റെ സേവനമുപയോഗിച്ചാണ് ഇത് സാധ്യമായത്. ഇതിലേക്കുള്ള വാക്സില്‍ മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.
ബദിയഡുക്ക പഞ്ചായത്തിലെ കുള്ളൻ പശു ഫാം
അഭിമാനമായി കുള്ളന്‍പശു ഫാം; വരുമാനം 16 ലക്ഷം രൂപ
കാസർകോട്: കാസർകോടിന്റെ അഭിമാനമായി കുള്ളൻ പശുക്കൾ മാറുന്നു. കുള്ളന്പശുക്കളുടെ സര്‍ക്കാര്‍തലത്തിലുള്ള ഏക സംരക്ഷണകേന്ദ്രം എന്നനിലയില്‍ കേരള വെറ്ററിനറി സയന്‍സ് യൂനിവേഴ്സിറ്റിയിലെയും ഡെയറി സയന്‍സ് കോളജിലേയും കേന്ദ്ര സര്‍വകലാശാലയിലെയും ധാരാളം വിദ്യാർഥികള്‍ ഗവേഷണസംബന്ധമായ പഠനങ്ങള്‍ക്ക് ഫാമില്‍ എത്താറുണ്ട്. പാല്, ചാണകം, കന്നുകുട്ടികള്, പശു, കാള എന്നിവയുടെ വിപണനം കൂടാതെ ഫാമിലെ മരങ്ങളും കൂടി വിറ്റ വകയില്‍ കഴിഞ്ഞ സാമ്പത്തകവര്ഷം ലഭിച്ചത് 16,83,572 രൂപയാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ. മനോജ് കുമാർ പറഞ്ഞു.


