കാത്തിരിപ്പിന് വിരാമം; നിർമാണം തുടങ്ങി
text_fieldsബദിയടുക്ക ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം തുടങ്ങിയപ്പോൾ
ബദിയടുക്ക: ടിപ്പർ ലോറി ഇടിച്ച് നിലംപൊത്തിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയതോടെ യാത്രക്കാർക്ക് ആശ്വാസമായി.
നീർച്ചാൽ ബേള വില്ലേജിന് സമീപത്തുള്ള ബദിയടുക്ക പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രമാണ് രണ്ടുമാസം മുമ്പ് ബൈക്ക് യാത്രക്കാരനെ അപകടത്തിൽനിന്ന് രക്ഷിക്കുന്നതിനടയിൽ റോഡ് നിർമാണ കമ്പനിയുടെ ടിപ്പർ ലോറി ഇടിച്ച് പൂർണമായും തകർന്നത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. ജനങ്ങളുടെ മുറവിളിയിൽ പ്രാദേശിക ക്ലബുകൾ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും പ്രതിവിധിയുണ്ടായില്ല. എന്നാൽ, ഇതുസംബന്ധിച്ച് ജൂൺ ഏഴിന് ‘മാധ്യമം’വാർത്ത നൽകിയിരുന്നു.
ഇതോടെ അപകടം വരുത്തിയ ടിപ്പർ ലോറിയുടെ കമ്പനിതന്നെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. ഒരാഴ്ചക്കുള്ളിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റോഡ് നിർമാണ കമ്പനി ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.