ചെങ്കല്ല് മേഖലയിലെ തൊഴിലാളികൾക്കും കണ്ണീരോണം
text_fieldsബദിയടുക്കയിലെ ചെങ്കൽ ക്വാറി
ബദിയടുക്ക: ചെങ്കൽതൊഴിലാളികൾക്കും ഇത്തവണ കണ്ണീരോണം. കഴിഞ്ഞ ഏതാനും മാസമായി ചെങ്കല്ല് ക്വാറിയിൽ തൊഴിലാളികൾക്ക് ജോലിയില്ല. ഇതാണ് തൊഴിലാളികളുടെ ഓണകാല പ്രതീക്ഷകൾ ഇല്ലാതാക്കിയത്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് ഏറെയും ചെങ്കൽ ക്വാറികളുള്ളത്. ആയിരക്കണക്കിനു തൊഴിലാളികളുണ്ട്. ക്വാറി ലൈസൻസ് നൽകുന്നതിൽ ജിയോളജി വകുപ്പ് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. കല്ലുവെട്ടുന്ന ക്വാറികൾ എല്ലാം റെയ്ഡ് നടത്തി വലിയ പിഴ ചുമത്തുന്നുവെന്നും തൊഴിലുടമകൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചത്.
ജില്ല കലക്ടറുയെും ജില്ല പൊലീസ് മേധാവിയുടെയും നിർദേശം ഉണ്ടെന്ന് പറഞ്ഞാണ് ജിയോളജി, റവന്യൂ അധികൃതർ വാഹനങ്ങൾ പിടികൂടി പൊലീസ് കസ്റ്റഡിയിൽ വെക്കുന്നത്. ക്വാറി നടക്കുന്ന സ്ഥല ഉടമയുടെ പേരിൽ ഭീമമായ തുക പിഴചുമത്തുകയാണന്ന് ക്വാറി ഉടമകൾ പറയുന്നു. വരും ദിവസങ്ങളിൽ ശക്തമായ സമരപാത സ്വീകരിക്കും. ഓണക്കാലത്ത് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് തൊഴിലാളികൾ പറയുന്നു.