റോഡുപണി; ഉത്തരവാദി ആര്? എം.എൽ.എക്കെതിരെ സമരം
text_fields1. റോഡിൽ രൂപപ്പെട്ട കുഴികൾ, 2. മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്, തകർന്ന റോഡിലേക്ക് വെള്ളം ഒഴുക്കിവിട്ട നിലയിൽ
ബദിയടുക്ക: ചെർക്കള-കല്ലടുക്ക അന്തർ സംസ്ഥാനപാത തകർന്ന് യാത്ര ദുസ്സഹമായതിൽ സമരം. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിലെ കുഴികളിൽവീണുള്ള അപകടവും വർധിക്കുകയാണ്. മഴവെള്ളം നിറഞ്ഞ് രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ പതിവാണ്.
മഞ്ചേശ്വരം മണ്ഡലത്തിന്റെ ഭാഗമായുള്ള 10 കിലോമീറ്റർ ഉക്കിനടുക്ക-മുതൽ അടുക്കസ്ഥലവരെ റോഡിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കിയതാണ്. എന്നാൽ, ഉക്കിനടുക്ക മുതൽ ചെർക്കളവരെ 19 കിലോമീറ്റർ റോഡാണ് ആദ്യഘട്ട ടാറിങ്ങും നടത്തി മറ്റു പ്രവൃത്തികൾ ബാക്കി വെച്ച് കരാറുകാരൻ പണിനിർത്തി പോയത്. ജനങ്ങളാണ് ഇതിന്റെ ദുരിതംപേറുന്നത്. കാസർകോട് അസംബ്ലി മണ്ഡലത്തിൽപെടുന്ന റോഡിന്റെ ദുരിത കുഴിയുടെ ആഴം കാണിച്ച് എം.എൽ.എക്കെതിരെ സമരമുഖം തിരിച്ചത് സജീവ ചർച്ചയാണ്.
തിങ്കളാഴ്ച പകൽ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ധർണ നടത്തിയിരുന്നു. എന്നാൽ, സ്വന്തം എം.എൽ.എയുടെ കഴിവുകേട് ചൂണ്ടിക്കാണിച്ച് കോൺഗ്രസും ലീഗും തന്നെ ശബ്ദമുയർത്തിയതും സമരം ചെയ്തതും ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. നെക്രാജെ, പള്ളത്തടുക്ക, കാടമന തുടങ്ങിയ ഇടങ്ങളിലാണ് കുഴികൾ കൂടുതലായുള്ളത്. കാടമന മുതൽ പള്ളത്തടുക്കവരെ റോഡ് പൂർണമായും തകർന്നു.
ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിലേക്ക് പോകുന്നതും ഇതുവഴിയാണ്. കാസർകോട്ടുനിന്ന് ബംഗളൂരുവിലേക്ക് 50 കിലോമീറ്ററോളം കുറയുമെന്നതിനാൽ ദീർഘദൂര യാത്രക്കാരും ഇതുവഴിയാണ് യാത്രചെയ്യുന്നത്.
റോഡുപണി തുടങ്ങാനുള്ള നടപടി മുന്നിൽക്കണ്ടുവേണം സമരം -എം.എൽ.എ
ബദിയടുക്ക: തന്റെ മണ്ഡലത്തിലെ കിഫ്ബി ഏറ്റെടുത്ത ഉക്കിനടുക്ക മുതൽ ബാക്കിഭാഗം റോഡുപണി നിർത്തിവെക്കാനുള്ള കാരണം കരാറുകാരുടെ പിടിപ്പുകേടാണെന്നും തന്റെ ഇടപെടലിൽ എവിടെയും കുറവുണ്ടായിട്ടില്ലെന്നും സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ സ്ഥലത്തും നമ്മൾ കണ്ടുവരുന്നതുപോലെയുള്ള സമരമായിട്ടാണ് ഞാനിത് കാണുന്നത്. എല്ലാ നടപടിയും പൂർത്തിയാകുമ്പോഴാണ് ഇവിടെ സമരം -എം.എൽ.എ പറഞ്ഞു.
പ്രവൃത്തി ഈമാസം തുടങ്ങും -കിഫ്ബി
ബദിയടുക്ക: കരാറുകാരുടെ കാരണംകൊണ്ട് പൂർത്തീകരിക്കാൻ കഴിയാതെ നിർത്തിവെച്ച ഉക്കിനടുക്ക മുതലുള്ള ബാക്കിഭാഗം പ്രവൃത്തി ഈ മാസം തന്നെ നടക്കുമെന്ന് കിഫ്ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജേഷ് അറിയിച്ചു. ഇതിനായി ആറു ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ടെൻഡർ പ്രവൃത്തിക്കുള്ള സമയം മാത്രമാണ് ബാക്കിയുള്ളത്.
‘ജനകീയ സമരം റോഡ് തകർക്കലായി മാറി’
ബദിയടുക്ക: റോഡിലെ കുഴി വിഷയത്തിൽ വ്യാഴാഴ്ച ജനകീയ സമരം നടത്തുമെന്നറിയിച്ച ലീഗ് നേതാവിന്റെ നേതൃത്വത്തിലുള്ള സമരം റോഡ് തകർക്കലായി മാറിയെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ബുധനാഴ്ച അർധരാത്രി സമീപത്തെ കുന്നിൽനിന്ന് ഒഴുകിവരുന്ന മഴവെള്ളമടക്കം ഡ്രെയിനേജ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കീറി വെള്ളം മുഴുവൻ റോഡിലേക്കൊഴുക്കി റോഡ് പരിപൂർണമായി തകർക്കുകയായിരുന്നെന്നാണ് ആരോപണം. ഇതിൽ മുസ്ലിം ലീഗ് നേതാവും പഞ്ചായത്തംഗവുമായ ഹമീദ് പള്ളത്തടുക്കത്തിന്റെയും ഒമ്പതുപേർക്കെതിരെയും മറ്റ് കണ്ടാലറിയാവുന്ന 40 പേർക്കെതിരെയും ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജനങ്ങളോടുള്ള വെല്ലുവിളി -സി.പി.എം
ബദിയടുക്ക: റോഡിന്റെ യഥാർഥ പ്രശ്നം പറയാതെ ഡ്രെയിനേജിലെ വെള്ളമടക്കം ഒഴുക്കിവിട്ട് അത് കൂടുതൽ തകർത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം. ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് ജില്ല പൊലീസ് മേധാവിക്ക് കത്തും നൽകി.