കുട്ടികൾക്ക് പഠിക്കണ്ടേ...
text_fieldsപിലാംകട്ട ഗവ. എൽ.പി സ്കൂൾ
ബദിയടുക്ക: കുട്ടികൾക്ക് പഠിക്കാൻ മതിയായ ക്ലാസ് മുറികൾ ഇല്ലാത്തത് പരാതികൾക്കിടയാക്കുന്നു. ചെങ്കള പഞ്ചായത്ത് നാലാം വാർഡ് പിലാംകട്ടയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് പരിമിതിയിലൊതുങ്ങി കുട്ടികൾ പഠിക്കുന്നത്. മലയാളം ഡിവിഷനുകളായി ഏഴു ക്ലാസും കന്നഡ നാലു ക്ലാസും ഉൾപ്പെടെ 11 ക്ലാസ് മുറികളാണ് വേണ്ടത്.
എന്നാൽ, മൂന്ന് ബ്ലോക്ക് കെട്ടിടവും ഒരു മീറ്റിങ് ഹാൾ ചേർത്തുമാണ് ക്ലാസൊരുക്കിയിട്ടുള്ളത്. ഇതിന് പുറമേ കിച്ചണും ഓഫിസ് മുറികളുമാണുള്ളത്. ക്ലാസ് മുറികളുടെ അപര്യാപ്തതയിൽ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ മീറ്റിങ് ഹാളിലാണ് രണ്ട് ക്ലാസുകൾ പ്രവർത്തിക്കുന്നത്. 1936ൽ തുടങ്ങിയ സ്കൂൾ മെച്ചപ്പെടുത്താൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.
എല്ലാവർഷവും പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളുടെ നവീകരണത്തിനായി പദ്ധതി വകയിരുത്താറുണ്ടെങ്കിലും പിലാംകട്ട സ്കൂളിനോട് അവഗണന കാട്ടുന്നതായാണ് പരാതി. കുട്ടികൾക്ക് നല്ല രീതിയിൽ ഇരുന്നുപഠിക്കാനുള്ള സൗകര്യമൊരുക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.