സ്കൂളിനകത്ത് മോഷണശ്രമം: പ്രതിയെ കൈയോടെ പിടികൂടി
text_fieldsബദിയടുക്ക: ബദിയടുക്കയിൽ സ്കൂളിനകത്ത് കയറി മോഷണം നടത്തുന്നതിനിടെ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. ജി.എച്ച്.എസ് പെരഡാല സ്കൂളിലാണ് സംഭവം. പ്രതിയായ പൈവളിഗെ സ്വദേശിയും ബദിയടുക്കയിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ രാധാകൃഷ്ണനാണ് (35)പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച നാല് മണിയോടെയാണ് ഇയാൾ പൊലീസി െൻറ വലയിൽ വീണത്. നേരത്തെ ഇതേ സ്കൂളിൽ പലതവണ
കമ്പ്യൂട്ടർ ഉൾപ്പെടെ മോഷണം പോയിരുന്നു. എന്നാൽ, പ്രതികളെ കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത ബി.ആർ.സിയിൽ നേരത്തെ നടന്ന കവർച്ച കാര്യം പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കല്ല് കെട്ട് മേസ്ത്രിയാണ്. ഇതേ സ്കൂളിൽ ജോലി ചെയ്ത ആളാണ്. സ്കൂളിൽ അടിക്കടി ഉണ്ടാകുന്ന കവർച്ചകൾക്ക് പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം എവിടെയും എത്തുന്നില്ലെന്ന ആക്ഷേപം സ്കൂൾ അധികാരികൾക്ക് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാൻ പി.ടി.എ തീരുമാനിച്ചതായി അറിയുന്നു.
രാത്രികാലം പൊലീസ് ബാങ്ക്, സ്കൂളുകളിലും പട്രോളിങ് നടത്തുന്നുണ്ട്. ഇതിന് എത്തിയപ്പോഴാണ് മോഷണ പ്രതിയെ പിടികൂടിയത്. എസ്.ഐ അനീഷ് വി.കെ, എ.എസ്.ഐ മാധവൻ, ഡ്രൈവർ രാജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്. രാവിലെ പൊലീസാണ് സ്കൂൾ അധികാരികളെ വിവരം അറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുമെന്ന് എസ്.ഐ അനീഷ് പറഞ്ഞു.