ഇതാ ചീമേനിയിലെ കോവിഡ് ഓട്ടോ സർവിസ്
text_fieldsചെറുവത്തൂർ: കോവിഡ് വ്യാപനകാലത്ത് നാട്ടിൻപുറങ്ങളിൽ ക്വാറൻറീനും പോസിറ്റിവ് കേസും കൂടുമ്പോൾ സ്വന്തമായി വാഹനമില്ലാത്ത സാധാരണക്കാര്‍ക്ക് ആശ്രയമാവുകയാണ് ചീമേനിയിലെ കോവിഡ് ഓട്ടോ സർവിസ്. കഴിഞ്ഞ ഒരുമാസക്കാലമായി ചീമേനി ഈസ്റ്റ് മേഖലയിലെ ഡി.വൈ.എഫ്.ഐ അംഗങ്ങളായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമായി സർവിസ് നടത്തുന്നത്.
മലയോര പ്രദേശത്തുനിന്നും ടെസ്റ്റുകള്‍ക്കായി കിലോമീറ്ററുകള്‍ താണ്ടി വേണം ചെറുവത്തൂരിലെയോ പയ്യന്നൂരിലെയോ ആശുപത്രിയിലെത്താൻ. രോഗികളെ വാഹനത്തില്‍ കയറ്റാന്‍ പലര്‍ക്കും ഭയമാണ്. ചിലർ കോവിഡ് സാഹചര്യത്തെ ചൂഷണംചെയ്ത് അമിത ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോവിഡ് ഓട്ടോ സര്‍വിസ് ആരംഭിച്ചത്.
ഏതു സമയത്തും കോവിഡ് രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിക്കാമെന്നതും ന്യായമായ വാടക മാത്രമേ ഈടാക്കൂവെന്നതുമാണ് കോവിഡ് ഓട്ടോ സർവിസിെൻറ പ്രത്യേകത. യാത്ര ഒരുമാസം പിന്നിടുമ്പോള്‍ നൂറോളം പേരെ ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും ഈ സേവനത്തിലൂടെ എത്തിച്ചു.
പത്തോളം യുവാക്കളാണ് കോവിഡ് സംശയമുള്ളവരുടെയും രോഗികളുടെയും വിളിക്ക് കാതോര്‍ത്ത് പാതിരാത്രിയിലും ഉറക്കമൊഴിഞ്ഞ് നിൽക്കുന്നത്. ചീമേനിക്കും പരിസര പ്രദേശങ്ങൾക്കുമപ്പുറം കാസർകോടിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ഇവരുടെ സേവനം തേടി വിളി വരുന്നുണ്ട്.