ചെർക്കള സർവിസ് റോഡ് പ്രശ്നം; വിദഗ്ധ സംഘം സന്ദർശിച്ചു
text_fieldsചെർക്കളയിലെ സർവിസ് റോഡ് പ്രശ്നം കർമസമിതി ദേശീയപാത സംഘത്തോട് വിശദീകരിക്കുന്നു
ചെർക്കള: അന്തർ സംസ്ഥാന-ജില്ല റൂട്ടുകൾ സംഗമിക്കുന്ന ചെർക്കളയിൽ സർവിസ് റോഡ് രണ്ട് മീറ്ററോളം ആഴത്തിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ വിദഗ്ധ സംഘം സന്ദർശിച്ചു.ദേശീയപാത നിർമാണ സംഘത്തിന്റെ ടീം മാനേജർ മല്ലികാർജുന, കണ്ണൂർ പ്രോജക്ട് മെംബർ ഹരികേഷ് എന്നിവരാണ് തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചത്. കർമസമിതി ചെയർമാൻ മൂസ ബി. ചെർക്കള, കൺവീനർ സി.എച്ച്. വടക്കേക്കര, ജോ. കൺവീനർ ഷാഫി ഇറാനി, സി.എച്ച്. നൗഷാദ് എന്നിവർ സർവിസ് റോഡിന്റെ നിർമാണം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ സംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. ചെർക്കളം ടൗൺ മുഴുവനും ഒരു മീറ്ററിൽ കൂടുതൽ താഴ്ത്തി പോയില്ലെങ്കിൽ പുതിയതായി പണിയുന്ന പാലത്തിന്റെ അടിയിൽ കൂടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശനം ലഭിക്കുകയില്ല എന്ന് അധികൃതർ കർമസമിതിയെ ബോധിപ്പിച്ചു. എന്നാൽ, പരിഹാരം ഉണ്ടാക്കുന്നതുവരെ സർവിസ് റോഡിന്റെ പണി നിർത്തിവെക്കാൻ കർമസമിതി അധികൃതരോട് ആവശ്യപ്പെട്ടു. ചെർക്കളയിൽ നടന്ന സമര പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് മുഖ്യാതിഥിയായി. കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ദുൽ റഹിമാൻ ധന്യവാദ്, ജലീൽ എരുതുംകടവ്, മൂസ ബി. ചെർക്കള തുടങ്ങിയവർ സംസാരിച്ചു.