ആശുപത്രി നിറഞ്ഞ് രോഗികൾ; യോഗം ഒഴിവാക്കി പാഞ്ഞെത്തി ഡോക്ടർ
text_fieldsചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിൽ ചൊവ്വാഴ്ചത്തെ തിരക്ക്
ചെർക്കള: കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾ നിറഞ്ഞുകവിഞ്ഞപ്പോൾ യോഗം ഒഴിവാക്കി ഡോക്ടർ പാഞ്ഞെത്തി. ചെങ്കള കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടോക്കൺ 100പിന്നിട്ടിട്ടും പരിശോധന നടക്കാതായതോടെ ആളുകൾ കാര്യം അന്വേഷിച്ചപ്പോഴാണ് ഡോക്ടർ കാസർകോട് ഡെപ്യൂട്ടി ഡി.എം.ഒയുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞത്.
വിവരം പൊതുപ്രവർത്തകൻ നാസർ ചെർക്കളം ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസറെ അറിയിച്ചു. ഉടൻതന്നെ ചെർക്കളയിൽ ഡ്യൂട്ടിയുള്ള ഡോക്ടറെ യോഗത്തിൽനിന്ന് വിട്ടയച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. മൂന്ന് സ്ഥിരം ഡോക്ടർമാരുടെ തസ്തികയാണ് ചെങ്കള ആരോഗ്യകേന്ദ്രത്തിലുള്ളത്. ഇപ്പോൾ ഒരു സ്ഥിരം ഡോക്ടറും ഒരു താൽക്കാലിക ഡോക്ടറും മാത്രമാണുള്ളത്. ഇങ്ങനെയുള്ള അവസ്ഥയിലാണ് ഡാക്ടർമാരുടെ യോഗം അടിക്കടി വിളിച്ച് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഈ സമയം യോഗങ്ങൾ വിളിച്ച് ഡോക്ടർമാരെ പങ്കെടുപ്പിച്ചാൽ രോഗികളെ ആര് ചികിത്സിക്കുമെന്ന് നാട്ടുകാർ ചോദിച്ചു. ഒരു ദിവസം 200 മുതൽ 250 രോഗികൾ വരെ ചെങ്കള ആരോഗ്യകേന്ദ്രത്തിൽ എത്തുന്നുണ്ട്.