ക്ഷേത്രക്കവർച്ചാക്കേസിൽ മോഷ്ടാവ് അറസ്റ്റിൽ
text_fieldsരാധാകൃഷ്ണൻ
ചെറുവത്തൂർ: പിലിക്കോട് മേൽമട്ടലായി മഹാശിവ ക്ഷേത്ര കവർച്ചക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പയ്യന്നൂർ അന്നൂരിലെ വിറകന്റെ രാധാകൃഷ്ണനാണ് (55) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഉള്ളാൾ റെയിവേ സ്റ്റേഷൻ പരിസരത്ത് ചന്തേര പൊലീസാണ് ഇയാളെ പിടികൂടിയത്.
ജൂൺ മൂന്നിന് രാത്രിയിലാണ് മേൽമട്ടലായി ശിവക്ഷേത്രത്തിൽ കവർച്ച നടന്നത്. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ തൂക്കമുള്ള വിവിധ രൂപങ്ങൾ, 100 ഗ്രാം വെള്ളി, 40,000 രൂപ, ഭണ്ഡാരത്തിൽനിന്ന് പതിനായിരത്തോളം രൂപ എന്നിവയാണ് കവർച്ച പോയത്. പിറ്റേദിവസം രാവിലെ ശാന്തിക്കാരൻ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ക്ഷേത്രപരിസരത്തെ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
കവർച്ചക്ക് മാസംമുമ്പാണ് രാധാകൃഷ്ണൻ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്ത് ഒരുമാസം ഒളിച്ചു താമസിച്ചാണ് കവർച്ചക്ക് പദ്ധതി തയാറാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ താമസിച്ച കെട്ടിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.


