നടത്തിപ്പിലെ അപാകം; പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മാറ്റിവെച്ചു
text_fieldsചെറുവത്തൂർ: തേജസ്വിനിയുടെ ഓളപ്പരപ്പിനുമേൽ ആവേശത്തുഴയെറിഞ്ഞ വള്ളംകളി മത്സരം ഒടുവിൽ നടത്തിപ്പിലെ അപാകംമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. തേജസ്വിനിയുടെ ഇരുകരയിലും തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കരഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമൊപ്പം കൈക്കരുത്തും തുഴക്കരുത്തും മനക്കരുത്തും സമന്വയിപ്പിച്ച് 15 ടീമുകൾ പങ്കെടുത്തുവെങ്കിലും മൂന്നാമത്തെ ഹീറ്റ്സ് മത്സരത്തിന്റെ സമയം കൃത്യമായി രേഖപ്പെടുത്താത്തതാണ് മത്സരം മാറ്റിവെക്കാൻ കാരണം.
വീണ്ടും മത്സരം നടത്താൻ വിധികർത്താക്കൾ ആവശ്യപ്പെട്ടുവെങ്കിലും വിജയിച്ച ടീം തയാറായില്ല. തുടർന്ന് ടീമുകൾ തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. നവംബറിലേക്കാണ് ജലോത്സവം മാറ്റിയത്. തീയതി പിന്നീട് പ്രഖ്യാപിക്കും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.
പുഴയിലെ ഒഴുക്ക് ടീമുകളുടെ സ്റ്റാർട്ടിങ്ങിനെ പ്രതികൂലമായി ബാധിച്ചതായും പറയുന്നു. 25 ആൾ തുഴയും മത്സരമാണ് നടന്നത്. ജലോത്സവത്തിനായി ഉച്ചമുതൽ അച്ചാംതുരുത്തിയിലേക്ക് ഒഴുകിയെത്തിയ കാണികൾ മത്സരം തടസ്സപ്പെട്ടതോടെ നിരാശയോടെ മടങ്ങി. വിവിധ വള്ളംകളി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 ടീമുകളാണ് മത്സരത്തിനെത്തിയത്.
വിനോദ സഞ്ചാരമേഖലക്ക് പുത്തനുണർവ് നൽകുന്നതിന്റെ ഭാഗമായാണ് അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിച്ചത്. തെക്കൻ കേരളത്തിലെ ജലോത്സവങ്ങൾക്ക് സമാനമായ രീതിയിലായിരുന്നു ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സംഘാടനം.
എന്നാൽ, നടത്തിപ്പിലെ അപാകം മത്സരത്തിന്റെ നിറംകെടുത്തി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണിലെ ആറാം മത്സരവും ജില്ലയിലെ ആദ്യമത്സരവുമാണ് കോട്ടപ്പുറത്ത് സംഘടിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ തെക്കൻകേരളത്തിൽ മാത്രം സജീവമായിരുന്ന വള്ളംകളി, പിന്നീട് തേജസ്വിനി പുഴ കേന്ദ്രീകരിച്ച് ഉത്തരമലബാർ ജലോത്സവമായി മാറുകയായിരുന്നു.
റെഡ് സ്റ്റാർ കാര്യംകോട്, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം, എ.കെ.ജി പൊടോത്തുരുത്തി എ ടീം, എ.കെ.ജി പൊടോത്തുരുത്തി ബി ടീം, വയൽക്കര വെങ്ങാട്ട്, എ.കെ.ജി മയ്യിച്ച, ഫൈറ്റിങ് സ്റ്റാർ കുറ്റിവയൽ, ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയൽക്കര മയ്യിച്ച, എ.കെ.ജി ഓർക്കുളം, അഴീക്കോടൻ അച്ചാംതുരുത്തി, ഇ.എം.എസ് മുഴക്കീൽ, വിക്ടർ കിഴക്കേമുറി, കൃഷ്ണപ്പിള്ള കാവുംചിറ എന്നീ ടീമുകളാണ് മത്സരത്തിലുണ്ടായിരുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയായിരുന്നു വള്ളംകളി മത്സരം ഫ്ലാഗ് ഓഫ് ചെയ്തത്.


