ചന്തേര അടിപ്പാത
text_fieldsചന്തേര അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ചെറുവത്തൂർ: ചന്തേര അടിപ്പാത വെള്ളം വറ്റിച്ച് ഗതാഗതയോഗ്യമാക്കും. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് അടിപ്പാത അനുവദിച്ചതെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം തുടക്കം മുതലേ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ വെള്ളക്കെട്ടുള്ളതിനാൽ അടിപ്പാതയുടെ പ്രയോജനം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇവിടത്തെ വെള്ളം വറ്റിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് പഞ്ചായത്തധികൃതരുടെ പുതിയ തീരുമാനം.
ചന്തേര റെയിൽവേ അടിപ്പാത വികസനവുമായി കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമസഭയിൽ അംഗങ്ങൾ വിഷയം അവതരിപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയത്. അടിപ്പാത യാത്ര യോഗ്യമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് അംഗങ്ങൾ ആവശ്യപ്പെട്ടത്. വെള്ളം വറ്റിച്ച് ഫെബ്രുവരിക്കു മുമ്പേ യാത്ര യോഗ്യമാക്കാനാണ് തീരുമാനം.
പിലിക്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ചന്തേര നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് മേൽപ്പാലം വേണമെന്നത്. എന്ത് ആവശ്യം വന്നാലും കിലോമീറ്ററുകൾ താണ്ടി ഉദിനൂർ, നടക്കാവ് എന്നിവ കഴിഞ്ഞ് ബസ് മാർഗം വേണം കാലിക്കടവിലെത്താൻ. സ്കുൾ കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ രണ്ട് റെയിൽവേ പാളങ്ങൾ കടന്നുവേണം വിദ്യാലയങ്ങളിലടക്കമുള്ള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്താൻ.