‘ചെഗുവേര’ രാജൻ വാക്കുപാലിച്ചു; തന്റെ ജീവനായ സൈക്കിൾ പോയി
text_fieldsരാജൻ തന്റെ പഴയ സൈക്കിളുമായി
ചെറുവത്തൂർ: പന്തയംവെച്ച് സൈക്കിൾ പോയി, രാജനെ ചേർത്തുപിടിച്ച് പുത്തിലോട്ട് ഗ്രാമം. നിലമ്പൂരിൽ സ്വരാജ് ജയിക്കുമെന്നും അഥവാ പരാജയപ്പെട്ടാൽ ഏക സമ്പാദ്യമായ സൈക്കിൾ കൈമാറുമെന്നും പന്തയംവെച്ചാണ് പുത്തിലോട്ടെ മന്ദ്യൻ വീട്ടിൽ രാജന് സൈക്കിൾ നഷ്ടമായത്. പ്രിയ നേതാക്കളുടെ ഫോട്ടോകളും കൊടിയും പതിച്ച സൈക്കിൾ പിലിക്കോട് പഞ്ചായത്തിൽതന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇ.എം.എസ്, എ.കെ.ജി, നായനാർ, വി.എസ് തുടങ്ങി ഇഷ്ടനേതാക്കളുടെയെല്ലാം പടങ്ങൾ തൂക്കിയാണ് രാജന്റെ സൈക്കിൾ യാത്ര. പാർട്ടി പരിപാടികൾ എവിടെയുണ്ടെന്നുകേട്ടാലും സൈക്കിൾ ചവിട്ടി രാജൻ അവിടെ എത്തിയിരിക്കും.
പാർട്ടി പരിപാടികൾക്കും മറ്റും പങ്കെടുക്കാൻ അണികളെല്ലാം ബൈക്കിലോ കാറിലോ മറ്റു വാഹനങ്ങളിലോ കൊടികൾ കെട്ടി പോകുമ്പോൾ ഒരു സൈക്കിൾ മുഴുവൻ കൊടിയും തോരണങ്ങളും നേതാക്കന്മാരുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച് പോകുന്ന രാജൻ വേറിട്ട കാഴ്ചയാണ്. കറകളഞ്ഞ ഗ്രാമീണ സ്നേഹത്തിന്റെ തുടിപ്പുമായി ഒട്ടേറെ ജീവിത പ്രതിസന്ധികൾക്കിടയിലും ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ തന്റെ പ്രസ്ഥാനത്തെ ചേർത്തുനിർത്തി സൈക്കിൾ മാത്രം വാഹനമാക്കി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി യാത്ര തുടരുകയാണ് ഇദ്ദേഹം. യാത്രയിൽ എവിടെയോവെച്ച് ചിലർ അയാൾക്ക് ‘ചെഗുവേര’ എന്നൊരു വിളിപ്പേര് ചാർത്തിനൽകി. ചെഗുവേര രാജൻ എന്ന് കേട്ടാൽതന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഇന്ന് അലങ്കരിച്ച സൈക്കിൾ ഓടിയെത്തും.
അപ്പോഴും അയാൾ പറയുന്നുണ്ടായിരുന്നു കമ്യൂണിസ്റ്റ്കാരനല്ലെ പറഞ്ഞ വാക്ക് പാലിക്കണമല്ലോ എന്ന്... ചെഗുവേര രാജനെ അങ്ങനെയാക്കിയത് ആ സൈക്കിളാണ്. അതില്ലെങ്കിൽ അയാളിൽ ഒരു പൂർണതയുമില്ല. പ്രസ്ഥാനത്തിനെ ഇത്രമേൽ സ്നേഹിക്കുന്ന ആ മനുഷ്യനെ കൈവിടാൻ പുത്തിലോട്ടെ യുവതക്ക് കഴിഞ്ഞില്ല. പുത്തിലോട്ടെ യുവശക്തി ക്ലബ് പ്രവർത്തകരാണ് രാജന് സൈക്കിൾ നൽകാൻ തീരുമാനിച്ചത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ രാജന് സൈക്കിൾ കൈമാറി. ഈ മനോഹരമായ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ നിരവധി പേർ പുത്തിലോട്ടേക്കെത്തിയിരുന്നു.