റെയിൽവേ വരുമാനത്തിൽ വർധന; ചെറുവത്തൂരിലും ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് മെഷീൻ
text_fieldsചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ
ചെറുവത്തൂർ: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻവർധനയുണ്ടായതോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ ആളെ നിയമിച്ചു. ആഗസ്റ്റിൽ വെൻഡിങ് മെഷീൻ സ്ഥാപിച്ചെങ്കിലും ആളുകളുടെ തെറ്റായ ഉപയോഗം കാരണം മെഷീൻ ഇടക്കിടെ തകരാറായിരുന്നു. കഴിഞ്ഞദിവസം മുതലാണ് മെഷീൻ പ്രവർത്തിപ്പിക്കാനും ടിക്കറ്റ് നൽകാനും കമീഷൻ അടിസ്ഥാനത്തിൽ റെയിൽവേ ആളെ നിയമിച്ചത്. മാവേലി, മംഗള, പരശുറാം എക്സ്പ്രസുകൾക്കും ചെറുവത്തൂരിൽ നിന്നുതന്നെ പുറപ്പെടുന്ന പാസഞ്ചർ വണ്ടിക്കും യാത്രക്കാരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ടിക്കറ്റ് കൗണ്ടറിൽനിന്നുമാത്രം യാത്രക്കാർക്ക് ടിക്കറ്റ് കൊടുത്തുതീർക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു ഇവിടെ. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായത്. ഉച്ചക്കും വൈകീട്ടുമുള്ള ട്രെയിനുകൾക്കും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പരശുറാം എക്സ്പ്രസ് നിർത്താൻ തുടങ്ങിയതോടെ ചെറുവത്തൂരിന് വരുമാനത്തിന്റെ കാര്യത്തിൽ വമ്പൻ കുതിപ്പാണുണ്ടായത്.
2024-25 വർഷത്തെ കണക്കുകൾ പ്രകാരം ചെറുവത്തൂർ സ്റ്റേഷൻ മികച്ച വരുമാന പട്ടികയിൽ ഇടം നേടിയിരുന്നു. ചെറുവത്തൂർ സ്റ്റേഷൻ 4.73 കോടി വരുമാനമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 4,73,37,028 രൂപയാണ് സ്റ്റേഷനിലെ മൊത്തം വരുമാനം. ഇതിൽ 2.20 കോടി റിസർവേഷനിലൂടെയും ബാക്കി സാധാരണ ടിക്കറ്റിലൂടെയുമാണ് ലഭിച്ചത്. വരുമാനനേട്ടം ഉണ്ടാക്കിയതോടെ അടിസ്ഥാന സൗകര്യവികസനത്തിനും ഇനി ചെറുവത്തൂരിനെ റെയിൽവേ പരിഗണിക്കും. പുതിയ വണ്ടികൾക്ക് സ്റ്റോപ്പേജ് അനുവദിക്കുന്നതിലും റെയിൽവേ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് കാലത്ത് നിർത്തിയ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പേജ് വൈകാതെ പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയിട്ടുണ്ട്. ഇതോടെ വരുമാനം ഇനിയും ഉയരും. ജോലിക്കും ചികിത്സക്കും പഠനത്തിനും വ്യാപാരത്തിനുമായി മംഗളൂരുവിലേക്ക് പോകുന്നവർ രാത്രി വൈകി തിരിച്ചുവരാൻ ബുദ്ധിമുട്ടുന്നകാര്യം റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
രാവിലെ 10.10ന് ചെന്നൈ മെയിൽ വടക്കോട്ട് കടന്നുപോയാൽ, അടുത്തുള്ള വടക്കോട്ടുള്ള ട്രെയിൻ 3.05ന് വരുന്ന ഏറനാട് എക്സ്പ്രസ് മാത്രമാണ്. തെക്കോട്ട് പോകാൻ 10.40ന് കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ കഴിഞ്ഞാൽ, പിന്നീട് 3.10ന് ചെന്നൈ മെയിൽവരെയാണ് യാത്രക്കാർ കാത്തിരിക്കേണ്ടിവരുന്നത്. കണ്ണൂർ-ബെംഗളൂരു യശ്വന്ത്പുര എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.


