നീലേശ്വരം ബ്ലോക്കിൽ എൽ.ഡി.എഫിന് നൂറുശതമാനം പ്രതീക്ഷ
text_fieldsചെറുവത്തൂർ: ഇടതിനോട് ചേർത്തുവെച്ചൊരു വാർഡ് വിഭജനം. വലതിന് നഷ്ടംവരുത്തി ഒരു പുനഃക്രമീകരണം. ഫലത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ നൂറ് ശതമാനം വിജയമുറപ്പിച്ച് എൽ.ഡി.എഫ്. കഴിഞ്ഞതവണ ആകെ 13 ഡിവിഷനുകളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുണ്ടായത്. ഇതിൽ സി.പി.എമ്മിന് വർധിച്ച സാന്നിധ്യമുള്ള പുത്തിലോട്ട് പുതിയൊരു ഡിവിഷനാക്കിയപ്പോൾ നിലവിൽ 14 ഡിവിഷനിലേക്കായി പോരാട്ടം.
ഇതിൽ 11 ഡിവിഷനിൽ വിജയമുറപ്പിച്ചാണ് എൽ.ഡി.എഫ് കളത്തിലിറങ്ങിയത്. മൂന്നു ഡിവിഷൻ മാത്രമേ യു.ഡി.എഫിന് ഇപ്പോൾ പ്രതീക്ഷയുള്ളൂ.വാർഡ് വിഭജനത്തിൽ യു.ഡി.എഫിന് കനത്ത നഷ്ടം വന്നത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലാണ്. കഴിഞ്ഞ തവണ പടന്ന, ഒളവറ, തൃക്കരിപ്പൂർ, വെള്ളാപ്പ്, ചെറുവത്തൂർ ഡിവിഷനുകൾ യു.ഡി.എഫിന്റേതായിരുന്നു. ഇതിൽ വെള്ളാപ്പ് തങ്കയം ഡിവിഷനായി മാറിയതോടെ മത്സരത്തിന് വാശിയേറി. യു.ഡി.എഫ് ഡിവിഷനായ ചെറുവത്തൂരിനോട് എൽ.ഡി.എഫ് ഭൂരിപക്ഷ വാർഡായ തുരുത്തി കൂട്ടിച്ചേർത്തതോടെ ഇവിടെയും മത്സരം പ്രവചനാതീതമായി.
കഴിഞ്ഞതവണ എൽ.ഡി.എഫ് വിജയിച്ച തുരുത്തി, ക്ലായിക്കോട്, കയ്യൂർ, ചീമേനി, കൊടക്കാട്, പിലിക്കോട്, ഉദിനൂർ, വലിയപറമ്പ് എന്നിവിടങ്ങളിൽ ഇത്തവണയും വിജയമുറപ്പിച്ചു കഴിഞ്ഞു. എട്ട് ഡിവിഷനുകൾക്ക് പുറമെ തങ്കയം, ചെറുവത്തൂർ എന്നിവ പിടിച്ചെടുക്കാൻ കടുത്ത പോരാട്ടം നടത്തും. പുതുതായി രൂപവത്കരിച്ച പുത്തിലോട്ട് ഡിവിഷൻ എൽ.ഡി.എഫിന്റെ ഉറച്ച പ്രദേശമാണ്. പതിനാലിൽ 11 ഡിവിഷനുകൾ സ്വന്തമാക്കാനുള്ള അടവും തന്ത്രവുമായി പ്രചാരണരംഗത്തും എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചത് മുതൽ എൽ.ഡി.എഫിനാണ് ഭരണം ലഭിച്ചിട്ടുള്ളത്.


