കോവിഡിനെതിരെ പോരാടിയ ഷിജുമാർ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും കിടു
text_fieldsചെറുവത്തൂർ പഞ്ചായത്തിലെ സ്ഥാനാർഥിമാരായ ഷിജുമാർ
ചെറുവത്തൂർ: കോവിഡിനെതിരെ പോരാടി ജനങ്ങളെ ചേർത്തുപിടിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഷിജുമാർ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും ശ്രദ്ധേയർ. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മുണ്ടക്കണ്ടത്ത് മത്സരിക്കുന്ന കെ.വി. ഷിജുവും പത്താം വാർഡായ ചെറുവത്തൂർ ടൗണിൽ മത്സരിക്കുന്ന എം.വി. ഷിജുവുമാണ് യുവതയുടെ കരുത്തുമായി പ്രചാരണരംഗത്ത് സജീവമായവർ.
ഡി.വൈ.എഫ്.ഐയുടെ സജീവപ്രവർത്തകരായ ഇരുവരും ഉറ്റചങ്ങാതിമാരും എൽ.ഡി.എഫ് സ്ഥാനാർഥികളുമാണ്. നാട്ടിലെ ജനകീയപ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായതിനാൽ പരിചയപ്പെടുത്തലില്ലാതെ വീടുകയറിയാണ് വോട്ടഭ്യർഥന.
കോവിഡ് കാലത്ത് ക്വാറൻറീനിൽ കഴിഞ്ഞവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും മരുന്നും എത്തിച്ചുനൽകിയാണ് ഇരുവരും ജനസേവനത്തിനിറങ്ങിയത്. തുടർന്ന് പ്രളയകാലത്തും ഉരുൾപൊട്ടലിലും പ്രതിസന്ധിയിലായവരെ ചേർത്തുപിടിക്കാനും ഇരുവരും നേതൃത്വനിരയിലുണ്ടായിരുന്നു. കെ.വി. ഷിജു ചെറുവത്തൂർ കൊവ്വലിലെ ഓട്ടോ തൊഴിലാളിയും എം.വി. ഷിജു സൊസൈറ്റി ജീവനക്കാരനുമാണ്.


