ചീമേനിയിലെ കളിക്കളം: അഴിമതി അന്വേഷിക്കണം
text_fieldsചീമേനി ഗവ. ഹയർ സെക്കൻഡറിക്ക് ഒരു കോടി ചെലവഴിച്ച് നിർമിച്ച മൈതാനം
ചെറുവത്തൂർ: സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുകോടി രൂപ ചെലവിൽ കളിക്കളം നിർമിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. 50 ലക്ഷം വീതം കായികവകുപ്പിൽനിന്നും എം.എൽ.എ ഫണ്ടിൽനിന്നുമായി ഒരു കോടി ചെലവ് ചെയ്യുന്ന കളിക്കളത്തിന് 25 ലക്ഷം രൂപപോലും ചെലവഴിക്കാതെയാണ് നിർമാണം നടത്തിയിരിക്കുന്നത്. നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ചൊവ്വാഴ്ച കായികമന്ത്രി വി. അബ്ദുറഹ്മാൻ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തുന്നത് മാറ്റിവെക്കണമെന്നും കോൺഗ്രസ് ചീമേനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫുട്ബാൾ, വോളിബാൾ കോർട്ടുകൾ, ഹാൻഡ്ബാൾ കോർട്ട്, പരിശീലന സൗകര്യങ്ങൾ, വയോജനങ്ങൾക്ക് നടത്തത്തിനുള്ള സൗകര്യം, കളിക്കാർക്കുള്ള വിശ്രമസ്ഥലവുമടക്കം വിവിധങ്ങളായ നിർമാണപ്രവൃത്തി നടത്തേണ്ടുന്ന ഗ്രൗണ്ടിൽ ചുവന്ന മണ്ണ് ലെവലാക്കി നാല് ഭാഗത്തും നെറ്റ് കെട്ടുകയും കിഴക്കുഭാഗത്തായി 50 മീറ്റർ നീളത്തിൽ ഇരിപ്പിടസൗകര്യം ഒരുക്കുകയും മാത്രമാണ് ചെയ്തത്. നിർമാണത്തിന്റെ ആദ്യഘട്ടം മുതൽ ശരിയായരീതിയിൽ ആയിരുന്നില്ല പ്രവൃത്തി നടന്നതെന്നാണ് ആരോപണം. ഉദ്ഘാടനത്തിനുള്ള സംഘാടകസമിതി രൂപവത്കരണയോഗത്തിൽ പങ്കെടുത്തവർ പണി പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നതിനെ എല്ലാവരും എതിർത്തിരുന്നു. ഈ വിഷയം പൊതുജനങ്ങൾ ശ്രദ്ധയിൽപെടുത്തിയതിന്റെ ഭാഗമായി ഗ്രൗണ്ട് സന്ദർശിച്ചപ്പോൾ നാലിൽ ഒന്ന് രൂപപോലും ചെലവാക്കിയതായി കണ്ടില്ല. ഗ്രൗണ്ടിന്റെ നിർമാണം തുടക്കം മുതലേ സുതാര്യമല്ലെന്ന് അഭിപ്രായമുയർന്നിരുന്നു. സ്കൂളിലെ രക്ഷിതാവ് വിവരാവകാശ രേഖയായി നിർമാണത്തിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത് അഴിമതി മൂടിവെക്കുന്നതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഉദ്ഘാടനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് കായികവകുപ്പ് മന്ത്രിക്കും വിജിലൻസിനും ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. അഴിമതിക്കെതിരെ പ്രതികരിക്കുമ്പോൾ ഞങ്ങളെ വികസനവിരോധികളാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് എ. ജയരാമൻ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.വി. കുഞ്ഞിരാമൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.പി. ധനേഷ്, ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.


