ഉപ്പുവെള്ളം കയറുന്നു; പാലായി റെഗുലേറ്ററിന്റെ ഷട്ടറുകൾ നാളെ താഴ്ത്തും
text_fieldsപാലായി റെഗുലേറ്റർ കം ബ്രിഡ്ജ്
ചെറുവത്തൂർ: ഉപ്പുവെള്ളം കയറുന്നതിനാൽ പാലായി റെഗുലേറ്ററിന്റെ ഷട്ടറുകൾ വ്യാഴാഴ്ച മുതൽ താഴ്ത്തും. കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ പുഴയുടെ മുകൾ ഭാഗത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണിത്. ഇതുമൂലം റെഗുലേറ്ററിന്റെ മുകൾ ഭാഗത്ത് ജലനിരപ്പ് ഉയരുമെന്നതിനാൽ, പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
കാര്യങ്കോട് പുഴയിൽ വേലിയേറ്റസമയത്ത് പാലായിലും സമീപപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കോടികൾ ചെലവിട്ടതുകൊണ്ട് പുഴയിൽ ഒരു പാലവും കൂടെ തടയണയും വന്നുവെന്നതല്ലാതെ വെള്ളം ഇപ്പോഴും ഉപ്പുതന്നെയാണ്. ഇതുമൂലം കൃഷിക്കോ മറ്റാവശ്യങ്ങൾക്കോ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള അടിയന്തര സംവിധാനമില്ലാതെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഷട്ടർ അടച്ചിടും.
ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയിൽ ചോർച്ചയുണ്ടെന്ന ആക്ഷേപം ഇവിടെയുണ്ട്. കുടിവെള്ള സ്രോതസ്സ് എന്ന സ്വപ്നവും കൃഷിക്ക് ആവശ്യമായ ജലസ്രോതസ്സായി ഉപയോഗിക്കാമെന്ന ലക്ഷ്യവും ജലരേഖയായി.
ഏറെ വിപുലവും ആകർഷകവുമായ വിധത്തിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ലക്ഷ്യം കണ്ടില്ല. ടൂറിസം എന്നുപറയാൻ ആകെയുള്ളത് ചെറിയ രീതിയിൽ കയാക്കിങ് മാത്രമാണ്. നീലേശ്വരം -കയ്യൂർ ബോട്ട് സർവിസ് ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികൾക്ക് അനുയോജ്യ രീതിയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പറഞ്ഞെങ്കിലും അതും പാഴ്വാക്കായി.
ആകർഷക പ്രകൃതിഭംഗിയും ജലാശയങ്ങളും പ്രയോജനപ്പെടുത്തി ടൂറിസം നെറ്റ് വർക്കിനുള്ള പദ്ധതികൾക്കും രൂപം നൽകിവരുകയാണെന്ന് എം. രാജഗോപാലൻ എം.എൽ.എ പ്രഖ്യാപിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞിട്ടും നടപടിയായില്ല. 2021 ഡിസംബറിലാണ് പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. നീലേശ്വരം നഗരസഭയിലെയും കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇവിടങ്ങളിൽ വെള്ളം ലോറിയിൽ എത്തിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.