കായലിൽ നിന്ന് ഉപ്പുവെള്ളം; ദുരിതം പേറി ജനം
text_fieldsഉപ്പുവെള്ളം നിറഞ്ഞ കോട്ടാൽ കായൽ
ചെറുവത്തൂർ: മടക്കര കോട്ടാൽ കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് ദുരിതമാകുന്നു. ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന കായലിൽനിന്ന് സമീപത്തെ നൂറോളം വീടുകളിലേക്കാണ് ഉപ്പുവെള്ളം കയറുന്നത്. കിണർവെള്ളം മലിനമായതിനെ തുടർന്ന് പ്രദേശത്തുകാരുടെ കുടിവെള്ളം മുട്ടി. ദൂരദേശങ്ങളിലേക്ക് വെള്ളം തേടി പോകേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവർ.
കായലിന് സമീപപ്രദേശങ്ങളിലെ വയലുകളിലും ഉപ്പുവെള്ളം കയറിയതോടെ ഹെക്ടറോളം പ്രദേശത്തെ നെൽകൃഷി നശിച്ചു. ഇതിനെ തുടർന്ന് പരിസ്ഥിതി-സാമൂഹിക സന്തുലിതാവസ്ഥ തകർന്നിരിക്കുകയാണ്. ആരോഗ്യഭീഷണിയുമുണ്ട്.
ഉപ്പുവെള്ളം കയറുന്നതിന്ന് തടയണപോലെ ശാസ്ത്രീയസംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഒപ്പം മുഴുവൻ പാടശേഖരവും കൃഷിയോഗ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നതാണ് ആവശ്യം.


