ഉപ്പുവെള്ളം കയറുന്നു; കുടിവെള്ള ക്ഷാമത്തിൽ ചെറുവത്തൂർ
text_fieldsരാമൻചിറ അണക്കെട്ട്
ചെറുവത്തൂർ: കിണറ്റിലേക്ക് ഉപ്പുവെള്ളം കയറുന്നതുമൂലം കുടിവെള്ളത്തിനായി അലയുകയാണ് ചെറുവത്തൂരിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങൾ.
പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ നിർമിച്ച പഴകി ദ്രവിച്ച തടയണകളാണ് ജനത്തെ ദുരിതത്തിലാക്കുന്നത്. മയ്യിച്ചയിലെ വീരമലക്കുന്നിന് മുകളിൽനിന്നുള്ള ജലസംഭരണി വഴിയാണ് ചെറുവത്തൂരിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ മയ്യിച്ച, അരണായി, മുനമ്പ്, മയിച്ച കിഴക്ക്, വയൽ, കുറ്റിവയൽ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.
വീരമലയുടെ കിഴക്കൻഭാഗത്തുള്ള രാമൻ ചിറയിലെ കിണറ്റിൽനിന്നാണ് വീരമലയുടെ മുകളിലുള്ള ജലസംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നത്.
രാമൻചിറ തടാകത്തിൽനിന്ന് കിണറ്റിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ തടാകത്തിന് വർഷങ്ങൾക്കുമുമ്പ് ചെറുകിട അണക്കെട്ട് നിർമിച്ചിരുന്നു. ഇതിന്റെ പലകകൾ നശിച്ചതോടെയാണ് രാമൻചിറ തടാകത്തിൽനിന്ന് ഉപ്പുവെള്ളം കിണറ്റിലേക്കെത്താൻ തുടങ്ങിയത്. അണക്കെട്ട് നന്നാക്കാത്തതിനെതിരെ മാസങ്ങൾക്ക് മുമ്പുതന്നെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
തുടർന്ന് അണക്കെട്ട് പുതുക്കിപ്പണിയുന്നതിന് തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ തുടക്കം ജനങ്ങൾ കണ്ടില്ല. ഇപ്പോൾ വീണ്ടും ഉപ്പുവെള്ളം കയറാൻ തുടങ്ങി. പൊതു ടാപ്പ് വഴി ഉപ്പ് വെള്ളമെത്താൻ തുടങ്ങിയതോടെ വീട്ടാവശ്യത്തിനുവേണ്ടി കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്.രാമൻ ചിറയിലെ തടയണ പുതുക്കിപ്പണിയാൻ കാസർകോട് വികസന പാക്കേജ് വഴി ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതിയും നൽകി.
എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടൽ വഴിയാണ് പദ്ധതി ലഭിച്ചത്. എന്നാൽ, രാമൻ ചിറയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്ലാനിൽ ഉൾപ്പെടുന്ന സ്ഥലത്താണ് നിലവിൽ തടയണയുള്ളത്.
പാലത്തിന്റെ സൈറ്റിൽ മറ്റ് പദ്ധതികൾ വരാൻ പാടില്ല എന്നാണ് ചട്ടം. ഈ സാങ്കേതിക കുരുക്കിലാണിപ്പോൾ പുതിയ അണക്കെട്ട് നിർമാണം ഉള്ളതെന്നാണ് വിവരം.