വയല്‍ക്കാറ്റേറ്റ് ‘ഗ്രാമീണ ഇടനാഴി’ സന്ദർശിക്കാം...
text_fieldsതിമിരിയിലെ ഗ്രാമീണ ഇടനാഴി
ചെറുവത്തൂര്‍: ഗ്രാമീണസൗന്ദര്യം ആസ്വദിച്ച്, വയല്‍ക്കാറ്റേറ്റ് അൽപ്പനേരം ഇരിക്കാന്‍ ഇതിലും മികച്ചൊരിടമില്ല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ തിമിരി കൊടക്കവയലിലെ ‘വയല്‍ക്കാറ്റ്’ ബ്ലൂ ഗ്രീന്‍ ഇടനാഴി സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട സായാഹ്ന സങ്കേതമായി മാറിക്കഴിഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ഈ സ്വപ്ന പദ്ധതി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റാണിപ്പോൾ.
ഗ്രാമീണഭംഗിയുടെ ഒട്ടും മായം കലരാത്ത ദൃശ്യങ്ങളാണ് കൊടക്കവയലിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. പുലര്‍കാലത്തെ മഞ്ഞും പക്ഷികളുടെ ശബ്ദവുമാസ്വദിച്ച് പ്രഭാതസവാരിക്ക് എത്തുന്നവര്‍ ഏറെയാണ്. വ്യായാമത്തോടൊപ്പം മനസ്സിന് ഉണർവേകുന്ന കാഴ്ചകള്കൂടിയാകുമ്പോള് കൊടക്കവയല്‍ വേറിട്ട അനുഭവമാകുന്നു. ചെറുവത്തൂര്‍-കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലെ തിമിരി കല്‍നട റോഡില്‍ വയലിന്റെ നടുവിലൂടെ ഒഴുകുന്ന തോടിന്റെ ഇരുകരയിലുമായാണ് 60 മീറ്റര്‍ നീളത്തില്‍ ഈ സുന്ദരതീരം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്കായി മനോഹരമായ ഇന്റര്‍ലോക്ക് പാതകളും വിശ്രമിക്കാന്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടിട്ടുണ്ട്.
സന്ധ്യമയങ്ങിയാല്‍ പ്രദേശം തെളിച്ചമുള്ളതാക്കാന്‍ സോളാര്‍ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കോട്ടയത്തെ പ്രസിദ്ധമായ ‘നാലുമണിക്കാറ്റ്’ മാതൃകയിലാണ് ഈ വഴിയോര വിനോദസഞ്ചാര പദ്ധതിയുടെ രൂപകല്പന. 50 ലക്ഷം രൂപ ചെലവഴിച്ച് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർഥ്യമാക്കിയത്. കൃഷിയും പ്രകൃതിയും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാരത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊടക്കവയല്‍.


