ഇന്ന് അധ്യാപക ദിനം: ലതാബായി നടന്ന വഴികളെല്ലാം പാഠങ്ങളായിരുന്നു
text_fieldsകെ.ആർ. ലതാബായി
ചിറ്റാരിക്കാൽ: ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ച കെ.ആർ. ലതാബായിക്ക് മുന്നിൽ അധ്യാപനത്തിന് പ്രത്യേക വഴികളില്ല. ടീച്ചർ നടന്ന എല്ലാ വഴികളും പാഠങ്ങളായിരുന്നു. ശുചീകരണം, പാലിയേറ്റിവ്, കാരുണ്യം, പരിസ്ഥിതി, കൃഷി, വായന, റെഡ്ക്രോസ് എന്നിങ്ങനെ നീളുന്നു ടീച്ചറുടെ അധ്യാപന വഴികൾ. 1998ലാണ് ലതാഭായി ടീച്ചര്‍ കമ്പല്ലൂര്‍ ഗവ. സ്കൂളിലെത്തുന്നത്. ഡി.പി.ഇ.പിയുടെ കാലമായിരുന്നു. വിമർശിക്കപ്പെട്ട പദ്ധതിയൽ നല്ലത് കണ്ടെത്തി ഒന്നാംക്ലാസ് ഒന്നാംതരമാക്കി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാണ് തുടക്കം. 2005ല്‍ ഹൈസ്കൂൾ മലയാളം അധ്യാപികയായി കമ്പല്ലൂരിൽ തന്നെ നിയമനം. തുടർന്ന് സംസ്ഥാന അധ്യാപക അവാർഡ് നേടുന്നതിലേക്ക് സ്കൂളിലെ പ്രവർത്തനങ്ങൾ ടീച്ചറെ കൊണ്ടെത്തിച്ചു. 2011ല്‍ ജൂനിയര്‍ റെഡ്ക്രോസി(ജെ.ആർ.സി.)ന്റെ ചുമതലയേറ്റതോടെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. വിദ്യാലയത്തിന്റെ ശുചിത്വം നിലനിര്‍ത്തുന്നതില്‍ ജെ.ആര്.സിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ജില്ലയിലെ ഏറ്റവും മികച്ച ജെ.ആര്.സിയായി കമ്പല്ലൂർ യൂനിറ്റ് മാറി.
ശുചിത്വ പ്രവര്‍ത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ, പേപ്പര്‍ ബാഗ് നിര്‍മാണവും പ്രചാരണങ്ങളിലും ടീച്ചറുടെ ഇടപെടലുണ്ട്. സ്കൂളിനു കീഴിൽ നടന്നുവരുന്ന പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ടീച്ചറാണ്. സമീപ പ്രദേശങ്ങളിലെ ഇരുപത്തിനാലോളം വീടുകളില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ടീച്ചറുടെ നേതൃത്വത്തിൽ പാലിയേറ്റിവ് സംഘങ്ങളെത്തുന്നു. വിദ്യാലയമുറ്റത്ത് പച്ചക്കറി കൃഷിയിലും കേന്ദ്രീകരിച്ചു. സ്വാശ്രയത്വ പ്രവർത്തനങ്ങളുടെ ഭാഗമായി സോപ്പും ലോഷനും നിർമിച്ചു. സോപ്പു നിർമാണ പരിശീലകയായി. ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാരംഗം കണ്‍വീനറായും കമ്പല്ലൂര്‍ സ്കൂളില്‍ നടന്ന ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മറ്റി കണ്‍വീനറായും പ്രവർത്തിച്ചു. ജെ.ആര്.സിയും എന്‍.എസ്.എസും സ്കൗട്ടും ഗൈഡുകളും കൂടി ചേര്‍ന്ന് നടത്തുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ശൃംഖലയാണ് കമ്പല്ലൂര്‍ സ്കൂളിന്റെ പ്രത്യേകത. ഇതിന്റെയെല്ലാം കൈമുദ്രക്കാണ് ടീച്ചർക്ക് ലഭിച്ച സംസ്ഥാന അവാർഡ്.