രണ്ടു ദിവസത്തിനിടെ കാണാതായത് ഏഴ് കുട്ടികളെ; ഏഴ് കുട്ടികളെയും പെട്ടെന്നു തന്നെ കണ്ടെത്താനായി
text_fieldsകാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ കാണാതായത് ഏഴ് കുട്ടികളെ. ഏഴ് കുട്ടികളെയും പെട്ടെന്ന് കണ്ടെത്താനായി. കൂട്ടുകാരുടെ അടുത്തുനിന്ന് വീട്ടിലേക്ക് മടങ്ങിയ16 വയസ്സുകാരനെ കാണാതായെങ്കിലും ഒരു ദിവസത്തിനുശേഷം കണ്ടെത്തി. മാവുങ്കാൽ മേലടുക്കത്തെ 16 കാരനെയാണ് കാണാതായത്. വൈകീട്ട് 5.30ന് കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന 16കാരൻ ഇവിടെനിന്ന് വീട്ടിൽ പോകുന്നുവെന്നുപറഞ്ഞ് പോയശേഷം വീട്ടിൽ എത്തിയില്ല. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.
വീട്ടിൽനിന്ന് പോയശേഷം കാണാതായ കല്ലൂരാവിയിലെ15 വയസ്സുകാരനെയും കണ്ടെത്തി.14ന് ഉച്ചക്ക് 1.45ന് കല്ലൂരാവിയിലെ വീട്ടിൽനിന്ന് പോയശേഷം തിരികെ വന്നില്ലെന്ന മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കുട്ടി എറണാകുളത്ത് ഹോട്ടൽ ഉടമയോട് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ കുട്ടി നാട്ടിലെത്തി. ഹോസ്ദുർഗ് പൊലീസിൽ ഹാജരായി.
ഉച്ചഭക്ഷണം കഴിക്കാൻ സ്കൂളിൽനിന്ന് വീട്ടിലേക്കുപോയ നാല് കുട്ടികളെ കൂട്ടത്തോടെ കാണാതായത് പരിഭ്രാന്തി പരത്തി. ഒടുവിൽ രാത്രിവൈകി കുട്ടികളെ നാലുപേരെയും ഷൊർണൂരിൽ കണ്ടെത്തി. ചെറുവത്തൂർ ഭാഗത്തെ നാല് കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ സ്കൂളിൽനിന്ന് വീട്ടിലേക്കു പോയശേഷം കാണാതാവുകയായിരുന്നു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന 13, 14 വയസ് പ്രായക്കാരെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. അന്വേഷിക്കുന്നതിനിടെ നാല് കുട്ടികളെയും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികൾ ഷൊർണൂരിൽ ട്രെയിൻ ഇറങ്ങിയതായിരുന്നു. തുടർന്ന് കുട്ടികളെ ചന്തേരയിൽ എത്തിച്ചു.
മാങ്ങാടുനിന്ന് സ്കൂളിലേക്ക് പോയശേഷം കാണാതായ14 വയസ്സുകാരനെയും കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 14ന് രാവിലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു.
രാത്രിയായിട്ടും വീട്ടിൽ തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മേൽപറമ്പ പൊലീസ് കേസെടുത്തിരുന്നു. വിവരമറിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹോസ്ദുർഗ് പൊലീസ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് മേൽപറമ്പ പൊലീസും ബന്ധുക്കളും എത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. കോഴിക്കോട് പോയതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടികളെ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം വിട്ടു.


