ദേശീയപാതയിൽ കുഴി; ഓട്ടോയിൽനിന്ന് യുവതിയും ഒരുവയസ്സുള്ള കുഞ്ഞും തെറിച്ചുവീണു
text_fieldsഅപകടമുണ്ടായ കൂളിയങ്കാൽ ദേശീയപാതയിൽ കോൺക്രീറ്റ് ചെയ്ത് കുഴിയടച്ച നിലയിൽ
കാഞ്ഞങ്ങാട്: ദേശീയപാതയിലെ കുഴിയിൽ വീണ ഓട്ടോയിൽനിന്ന് യുവതിയും ഒരുവയസ്സുള്ള കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. വ്യാഴാഴ്ച രാവിലെ കൂളിയങ്കാൽ ജങ്ഷനിലാണ് അപകടം. കുഞ്ഞുമായി ഹോസ്ദുർഗ് ക്ഷേത്രത്തിലേക്ക് പുഷ്പാർച്ചന നടത്താൻ പോവുകയായിരുന്നു യുവതി.
കഴിഞ്ഞദിവസം പെയ്ത വേനൽമഴയിലെ വെള്ളം റോഡിൽ കെട്ടിക്കിടന്നതിനാൽ ഡ്രൈവർ കുഴി കണ്ടില്ല. ഓട്ടോ കുഴിയിൽ വീണ ആഘാതത്തിൽ അമ്മയും കുഞ്ഞും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കെട്ടിക്കിടന്ന മുട്ടറ്റമുള്ള ചെളിവെള്ളത്തിലേക്കാണ് കുഞ്ഞ് വീണത്. ഇത് പരിഭ്രാന്തിയുണ്ടാക്കി. കുഞ്ഞിനെ പെട്ടെന്ന് കണ്ടെത്തിയതിനാൽ മറ്റ് അത്യാഹിതം ഒഴിവായി. നാട്ടുകാർ കുഞ്ഞിനെ സമീപത്തെ വീട്ടിലെത്തിച്ച് കുളിപ്പിച്ചാണ് യുവതിയും കുഞ്ഞും ക്ഷേത്രത്തിലേക്ക് യാത്ര തുടർന്നത്. യുവതിക്ക് തലക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ജീവനക്കാർ ഇവിടെയെത്തി കോൺക്രീറ്റ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കി. കഴിഞ്ഞദിവസം നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് കുഴിയിൽ വീണ് പരിക്കുപറ്റിയിരുന്നു.