ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ
text_fieldsപിടിയിലായ അശ്വിൻ
കാഞ്ഞങ്ങാട്: ട്രെയിനിൽ യുവതിയുടെ സ്വർണാഭരണങ്ങളും ഐഫോണും ഉൾപ്പെടെ കവർച്ചചെയ്ത കേസിൽ പ്രതിയെ കാസർകോട് റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിയായ തടത്തരികത്ത് വീട്ടിൽ അശ്വിനാണ് (24) പിടിയിലായത്.
കച്ചെഗുഡ നിന്ന് മുരുഡേശ്വരം വരെ പോകുന്ന എക്സ്പ്രസിൽ നിന്നാണ് ആഗസ്റ്റ് 26നും 27നും ഇടയിൽ കവർച്ച നടത്തിയത്. ഹൈദരാബാദ് സ്വദേശിയുടെ സ്വർണമാലയും സ്വർണവളയും ഫാസ്റ്റ് ട്രാക് വാച്ച്, ഐഫോൺ, ചാർജർ, ഹാൻഡ്ബാഗ് എന്നിവയാണ് കവർച്ച ചെയ്തത്. പരാതി ലഭിച്ചതോടെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
തിരുനെൽവേലി റെയിൽവേ പൊലീസാണ് മറ്റൊരു മോഷണക്കേസിൽ ഇടുക്കി വാഗമണ്ണിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഹൈദരാബാദ് യുവതിയുടെ മോഷണം പോയ മാലയും വാച്ചും കണ്ടെത്തുകയായിരുന്നു. കാസർകോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ രജികുമാർ പ്രതിയെ തിരുനെൽവേലി ജയിലിൽനിന്ന് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പും നടത്തി. പ്രതി തൃശൂരിൽ വിൽപന നടത്തിയ വളയും കണ്ടെത്തി.


