യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവ്
text_fieldsകാഞ്ഞങ്ങാട്: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പയിലെ കാവേരി തൊടഞ്ചലിന്റെ മകൻ കെ.പി. രവി (42)യെ വാക്കുതർക്കത്തിനിടെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി കനകപ്പള്ളി കാരാട്ടെ വില്ലിയത്ത് വീട്ടിൽ കെ.വി. കുഞ്ഞിക്കണ്ണൻ എന്ന കണ്ണനെ (59)യാണ് ശിക്ഷിച്ചത്. കാസർകോട് അഡീ. ജില്ല ജഡ്ജി ടി.എച്ച്. രജിതയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.
2020 ആഗസ്റ്റ് ഒമ്പതിന് രാത്രി 8.45നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം പകൽ പ്രതിയായ കുഞ്ഞിക്കണ്ണനും ഭാര്യയും രവിയുടെ വീട്ടിൽ പോയിരുന്നു. അവിടെ വെച്ച് കുഞ്ഞിക്കണ്ണനും രവിയും മദ്യപിക്കുകയും തുടർന്ന് പരസ്പരം ചീത്തവിളിക്കുകയും പിടിവലി നടക്കുകയും ചെയ്തു. അതിനിടയിൽ വീടിന്റെ സിറ്റൗട്ടിന്റെ തിണ്ണയിൽ വെച്ചിരുന്ന കറിക്കത്തി എടുത്ത് കുഞ്ഞിക്കണ്ണൻ രവിയുടെ നെഞ്ചിലും പിറകിലും കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രവി പറമ്പിന്റെ 10 മീറ്റർ മാറി മരിച്ചുകിടക്കുന്നതാണ് പിറ്റേദിവസം കണ്ടത്.
പ്രതിയുടെ ഭാര്യ രുഗ്മിണി കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. മരണപ്പെട്ട രവിയുടെ ഭാര്യയായ സുശീലയുടെ മൊഴിയുടെയും പൊലീസ് കണ്ടെടുത്ത തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന കെ. പ്രേമംസദനാണ് അന്വേഷണം നടത്തിയത്. കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ സുനിൽ കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീ. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.


