മുൻഗാമിയെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കമിട്ട് സി.എച്ച്
text_fieldsമുൻ എം.എൽ.എ പി. രാഘവെൻറ വീട്ടിലെത്തിയ സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു നിലവിലെ എം.എൽ.എ കെ. കുഞ്ഞിരാമനൊപ്പം
കാഞ്ഞങ്ങാട്: 1970ൽ ഉദുമ മണ്ഡലം കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത് എൽ.ഡി.എഫിനോടൊപ്പം ചേർത്ത മുതിർന്ന നേതാവും സഹകാരിയുമായ പി. രാഘവനെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങി ഉദുമയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു ബുധനാഴ്ച ഔദ്യോഗിക പ്രചാരണത്തിന് തുടക്കമിട്ടു.
മഞ്ചേശ്വരം മണ്ഡലത്തിൽനിന്നും 2005ൽ നിയമസഭയിലെത്തിയ സി.എച്ച്. കുഞ്ഞമ്പു 2010ൽ പരാജയപ്പെട്ടു. ഇക്കുറി ജന്മനാട്ടിലാണ് സി.എച്ച്. കുഞ്ഞമ്പു മത്സരിക്കാനിറങ്ങുന്നത്. ഉദുമ മണ്ഡലത്തിൽപെടുന്ന ബേഡകം ബീംബുങ്കാൽ സ്വദേശിയാണ് സി.എച്ച്. കുഞ്ഞമ്പു. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് സി.എച്ച്. കുഞ്ഞമ്പു.
ബുധനാഴ്ച ബേഡകം ടൗൺ, ബീംബുങ്കാൽ, കുണ്ടംകുഴി, പെർളടുക്ക, കുളത്തൂർ എന്നിവിടങ്ങളിലാണ് ആദ്യദിന പ്രചാരണം നടന്നത്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, എം. അനന്തൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം വോട്ടർമാരെ നേരിൽ കാണാനെത്തിയിരുന്നു.