എ.കെ.എസ്.ടി.യു പുരസ്കാരം പന്ന്യൻ രവീന്ദ്രന്
text_fieldsകാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന പി.ആർ. നമ്പ്യാരുടെ സ്മരണക്കായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഏർപ്പെടുത്തുന്ന 12ാമത് പുരസ്കാരം കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രന്.
11,111 രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്. ദേശീയതലത്തിൽ പുരോഗമനാശയ പ്രചാരണം നടത്തുന്നതിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് പന്ന്യൻ രവീന്ദ്രനെന്ന് അവാർഡ് നിർണയസമിതി വിലയിരുത്തി. സാമൂഹിക അസമത്വങ്ങൾക്കെതിരെ ജനങ്ങളെ ചിന്തിപ്പിക്കാനും പ്രതിരോധങ്ങളുയർത്താനും അദ്ദേഹം മുന്നിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
വിനയം, ലാളിത്യം എന്നിവകൊണ്ട് കേരളത്തിലെ സർവജനങ്ങളും ആരാധിക്കുന്ന ഒരു നേതാവുകൂടിയാണ് പന്ന്യൻ. കല, സാമൂഹിക, രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഓരോ വർഷവും എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പുരസ്കാരം നൽകുന്നത്.
അടൂരിൽ നടക്കുന്ന സംഘടനയുടെ 29ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നടൻ ശ്രീനിവാസന്റെ നാമധേയത്തിൽ തയാറാക്കിയ നഗറിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം ചെയ്യുമെന്ന് എ.കെ.എസ്.ടി.യു ജന. സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, സംഘാടകസമിതി ജന. കൺവീനർ പി.കെ. സുശീൽ കുമാർ എന്നിവർ അറിയിച്ചു.


