ജൂനിയർ വിദ്യാർഥികൾക്ക് നേരെ ആക്രമണം പതിവ്, ഇരകൾക്ക് മാരക പരിക്ക്
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ ഹയർ സെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ജൂനിയർ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ആക്രമണം പതിവായി. പൊലീസ് മേൽപറമ്പയിലും കാസർകോടുമായി ഏറ്റവും ഒടുവിലായി രണ്ട് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഒന്നരമാസങ്ങൾക്കിടെ അടിക്കടി ഇത്തരം കേസുകളുണ്ടാകുന്നുണ്ട്. കളനാട് ഹൈദ്രോസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കോട്ടിക്കുളത്തെ എം.കെ. മുഹമ്മദ് മുനീസിന്(16) മർദ്ദനമേറ്റു. എട്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മേൽപറമ്പ പൊലീസ് കേസെടുത്തു.
തളങ്കര ജി.എം.വി. എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥി അണങ്കൂരിലെ അബ്ദുൾ ഷഹീറിനെ (15) ബസിനുള്ളിലും ബസ് സ്റ്റോപ്പിലും വഴിയിലും മർദിച്ച രണ്ട് വിദ്യാർഥികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. സ്കൂളിൽ ‘ഷോ’ കളിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. മടിക്കൈയിലും ബല്ല ഹയർ സെക്കൻഡറി സ്കൂളിലും കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് സീനിയർ വിദ്യാർഥികളുടെ അക്രമമുണ്ടായി. രണ്ട് സംഭവങ്ങളിലും ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.
കാസർകോട് ഗവ. കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസിലും ജൂനിയർ വിദ്യാർഥികളെ മർദിച്ചതിന് ഒന്നിൽ കൂടുതൽ കേസുകളുണ്ട്. പെരിയയിൽ കഴിഞ്ഞ ദിവസം വിദ്യാർഥിക്ക് മർദനമേറ്റു. ചീമേനിയിലും ചന്തേരയിലും സമാന കേസുകളുണ്ട്. മഞ്ചേശ്വരം, കുമ്പള, ആദൂർ, ബദിയഡുക്ക, ബേഡകം പൊലീസിലും കേസുകളുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്കൂൾ തുറന്നതിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് നിരവധി എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതികളിലെല്ലാം പൊലീസ് കേസെടുക്കുന്നുണ്ടെങ്കിലും പൊലീസ് കർശന നടപടിക്ക് തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. മർദനമേൽക്കുന്ന പല കുട്ടികൾക്കും മാരകമായ പരിക്കേൽക്കാറുണ്ടെങ്കിലും റാഗിങ് വകുപ്പ് ചുമത്താത്തതാണ് വിദ്യാലയങ്ങളിൽ അക്രമം വർധിക്കാൻ ഇടയാക്കുന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.