നാട് മുൾമുനയിലായി; പകരം ടാങ്കറിനായി പരക്കം പാഞ്ഞ് അധികൃതർ
text_fieldsകാഞ്ഞങ്ങാട്: പാചകവാതക ടാങ്കർ ചോർന്ന് നാട് മുൾമുനയിലായപ്പോൾ നിയമപാലകരും വിയർത്തു. ചോർന്ന ടാങ്കറിൽനിന്ന് ഗ്യാസ് മാറ്റാൻ പകരം ടാങ്കർ ലഭിക്കാതിരുന്നത് പ്രതിസന്ധിയിലാക്കി. മംഗളൂരുവിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അയക്കാൻ ടാങ്കറില്ലെന്ന് അറിയിച്ചു. ഇേതത്തുടർന്ന് ഒഴിഞ്ഞ ടാങ്കർലോറിതേടി പൊലീസ് ദേശീയപാതക്കരികിലേക്കോടി. ചന്തേര പൊലീസിനും വിവരം കൈമാറി. ഒടുവിൽ ഒരു ടാങ്കർ ലോറി കിട്ടി. ഇതിലേക്ക് പാചക വാതകം നിറക്കുന്നതിനിടെ ചന്തേര പൊലീസ് നടത്തിയ പരിശ്രമത്തിൽ ഇന്ത്യൻ ഓയിൽ കമ്പനിയുടെ രണ്ട് ടാങ്കറുകൾ കൂടി കിട്ടിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.
മംഗളൂരുവിൽനിന്ന് വരുന്നതിനിടെ ടാങ്കർ കാസർകോടിന് സമീപത്തു വെച്ച് ഗട്ടറിൽ വീണിരുന്നു. ഈ സമയത്താണ് ചോർച്ചയുണ്ടായതെന്നാണ് കരുതുന്നത്. ബേക്കലിലെത്തുമ്പോഴാണ് ചോർച്ച ഡ്രൈവർ അറിയുന്നത്. മറ്റ് വാഹനത്തിലെ ഡ്രൈവർമാരാണ് വിവരം നൽകിയത്. ബേക്കൽ ഭാഗത്ത് വലിയ തിരക്കുള്ള സ്ഥലമായതിനാൽ വാഹനം മുന്നോട്ടെടുക്കുകയാണെന്നാണ് ഡ്രൈവർ നാട്ടുകാരോട് പറഞ്ഞത്. ചാമുണ്ഡിക്കുന്നിൽ നിർത്താമെന്ന് കരുതിയപ്പോൾ റെയിൽപാളം അടുത്ത് കണ്ടതിനാൽ വീണ്ടും മുന്നോട്ടെടുത്തു. കാഞ്ഞങ്ങാട് ടൗൺ എത്താനായെന്ന് മനസ്സിലാക്കി ചിത്താരിയിൽ നിർത്തുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. 11 മണിക്കൂറിലേറെ നേരമാണ് ഇവിടെ ടാങ്കർ നിർത്തിയിടേണ്ടി വന്നത്.
ഇന്നലെ പകൽ മുഴുവൻ പരിഭ്രാന്തിയിലായിരുന്നു ചിത്താരിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ. പ്രദേശത്ത് ഗതാഗതവും നിരോധിച്ചു. ഇതോടെ നാട്ടുകാർക്ക് വാഹനങ്ങളുമായി പുറത്തിറങ്ങാൻ പറ്റാതായി. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. ചോർച്ചക്ക് മണിക്കൂറുകൾക്കകം പരിഹാരമുണ്ടാകുമെന്ന് കരുതി വീട്ടിലകപ്പെട്ടവർ മണിക്കൂറുകളോളമാണ് പുറത്തിറങ്ങാൻ കഴിയാതെ ദുരിതത്തിലായത്.
നാലുമണിക്കൂർ കഴിഞ്ഞിട്ടും ചോർച്ച തടയാൻ കഴിയാത്തതിനാൽ സുരക്ഷ മുൻനിർത്തി നൂറോളം കുടുംബങ്ങൾ അധികൃതരുടെ നിർദേശപ്രകാരം വീട്ടിൽനിന്നൊഴിഞ്ഞുപോയി ബന്ധു വീടുകളിൽ അഭയം പ്രാപിച്ചു. ഭക്ഷണം പോലും ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. കെ.എസ്.ടി.പി റോഡിൽ പള്ളിക്കരക്കും മഡിയനുമിടയിൽ വലിയ ഗതാഗത തടസ്സവും ഉണ്ടായി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന വാഹനങ്ങളെ പള്ളിക്കരയിൽ നിന്നും കാസർകോട് ഭാഗത്തുള്ള വാഹനങ്ങൾ മഡിയനിൽ നിന്നും വഴിതിരിച്ചു വിട്ടതോടെ ചന്ദ്രഗിരി റോഡിൽ വൈകിട്ട് വരെ വലിയ ഗതാഗത തടസ്സമാണുണ്ടായത്. ഉച്ചയോടെ മംഗളൂരുവിൽ നിന്നും വിദഗ്ധരെത്തി പാചകവാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ഈ സമയമത്രയും ഭയപ്പാടിലായിരുന്നു നാട്ടുകാർ.


