ബംഗളൂരു ബസ് ആർ.ടി.ഒ കസ്റ്റഡിയിലെടുത്തു യാത്രക്കാർ പെരുവഴിയിൽ
text_fieldsആർ.ടി ഒ കാഞ്ഞങ്ങാട് പിടികൂടിയ ബസ്
കാഞ്ഞങ്ങാട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാഞ്ഞങ്ങാട്ട് ആർ.ടി.ഒ അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നര മണിക്കൂർ നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ പിടിച്ചിട്ട ടൂറിസ്റ്റ് ബസ് ഒടുവിൽ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ടുപോയി. കാസർകോടുനിന്ന് കാഞ്ഞങ്ങാട്, പയ്യന്നൂർ, ചെറുപുഴ വഴി ബംഗളൂരുവിലേക്ക് പോകുന്ന കർണാടകയിൽനിന്നുമുള്ള സ്വകാര്യ ടൂറിസ്റ്റ് ബസാണ് കസ്റ്റഡിയിലെടുത്തത്.
കാസർകോടുനിന്ന് യാത്രക്കാരുമായി ബസ് കാഞ്ഞങ്ങാട്ടെത്തിയത് വ്യാഴാഴ്ച രാത്രി ഒമ്പതിനാണ്. മൂന്നുമാസത്തെ ടാക്സായി 96,000 രൂപ അടക്കാനുണ്ടെന്ന് ആർ.ടി.ഒ അധികൃതർ ബസ് ജീവനക്കാരെ അറിയിച്ചു. ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും ടാക്സ് അടക്കാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. നിയമപ്രകാരം ടാക്സ് അടക്കാതെ ബസ് വിടില്ലെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരും പറഞ്ഞു. മൂന്നര മണിക്കൂറോളം തർക്കം തുടർന്നതോടെ യാത്രക്കാർ പെരുവഴിയിലായി.
ജീവനക്കാർ ബസ് ഉടമയുമായി ബന്ധപ്പെട്ടപ്പോൾ പണം അടക്കില്ലെന്ന് അറിയിച്ചു. തുടർന്ന് രാത്രി 12.30ഓടെ ബസ് കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ടുപോയി. ടിക്കറ്റെടുത്ത യാത്രക്കാർ ബദൽ സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന ആക്ഷേപമുണ്ട്. ഒടുവിൽ ടിക്കറ്റിന് നൽകിയ പണം തിരിച്ചുനൽകിയെങ്കിലും യാത്രക്കാർ അർധരാത്രിയിൽ പെരുവഴിയിലായി. ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.


