ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ -മന്ത്രി ജി. പരമേശ്വര
text_fieldsജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് ശരത് ലാൽ-കൃപേഷ് നഗറിൽ നടന്ന അനുസ്മരണ സമ്മേളനം കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: മനുഷ്യനെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്നും നാടിന്റെ സ്വസ്ഥത തകർക്കുകയും പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യുന്ന പകയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആവശ്യപ്പെട്ടു. ശരത് ലാൽ കൃപേഷ് ഏഴാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് ശരത് ലാൽ-കൃപേഷ് നഗറിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ താൽപര്യത്താൽ നാട്ടിൽ അനൈക്യമുണ്ടാക്കുന്ന ബി.ജെ.പിയും രാഷ്ട്രീയത്തിൽ മനുഷ്യനെ കൊലപ്പെടുത്തുന്ന സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇന്ത്യയിൽ സി.പി.എം ഭരണം നടത്തിയിടത്തെല്ലാം മനുഷ്യനോടുള്ള അസഹിഷ്ണുത മൂലം നാട്ടിൽ രക്തപ്പുഴ തീർത്തിട്ടുണ്ട്. അക്കാരണത്താൽ തന്നെ ജനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയെ നാട്ടിൽനിന്ന് തുടച്ചുമാറ്റുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശരത് ലാൽ, കൃപേഷ് രക്തസാക്ഷികളുടെ പേരിൽ കല്യോട്ട് നിർമിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണ ചെലവ് പൂർണമായും കർണാടക കോൺഗ്രസ് കമ്മിറ്റി വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി.
ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കോൺഗ്രസ് നേതാക്കളായ ടി.എം. സാജിദ്, ബാലകൃഷ്ണൻ പെരിയ, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.ജി. ദേവ്, ബി.പി. പ്രദീപ്കുമാർ എന്നിവ സംസാരിച്ചു.


