കടലാക്രമണം: ആശ്വാസമായി 25 ലക്ഷം രൂപ അനുവദിച്ചു
text_fieldsഅജാനൂർ കടപ്പുറത്ത് കടലേറ്റം രൂക്ഷമായ പ്രദേശം ജനപ്രതിനിധികൾ സന്ദർശിക്കുന്നു
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം കടലാക്രമണം കഠിനമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. കലാക്രമണത്തിന്റെ ഭാഗമായി ഫിഷ് ലാൻഡ് സെന്റർ റോഡ് പൂർണമായും തകർന്നിരുന്നു. പഞ്ചായത്ത് നിർമിച്ച റോഡ് സംരക്ഷണഭിത്തിയും പൂർണമായും കടലെടുത്തു. 500 മീറ്ററിലധികം കടൽഭിത്തി പൂർണമായും തകർന്നിരുന്നു. ചിത്താരിപ്പുഴ ഗതിമാറി ഒഴുകുന്നതിനാൽ ഫിഷ് ലാൻഡ് സെൻ്ററും അപകടാവസ്ഥയിലാണ്.
കടൽക്ഷോഭം ആരംദിച്ചഘട്ടത്തിൽതന്നെ അജാനൂർ പഞ്ചായത്ത് ഭരണസമിതിയും റവന്യൂഅധികൃതരും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് ഇ. ചന്ദ്രശേഖരൻ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് തയാറാക്കിയ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. ഇതിന്റെ ഭാഗമായി അടിയന്തരപ്രധാന്യത്തോടെ പ്രവൃത്തി ആരംഭിക്കാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് നടപടി ആരംഭിച്ചു.